വലതു കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല എങ്കിലും, വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള താൽക്കാലിക ടീമിൽ പാകിസ്ഥാൻ സെലക്ടർമാർ ഓപ്പണർ സൈം അയൂബിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ. ഔദ്യോഗികമായി ടീം പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ടീമിൽ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഫഖർ സമാന്, ഷദാബ് ഖാൻ തുടങ്ങിയവർക്ക് ഒപ്പം സൈം അയ്യൂബും ഉണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 13 വരെ മാറ്റങ്ങൾ വരുത്താം എന്നത് കൊണ്ട് ആ സമയത്തിനകം അയ്യൂബിന്റെ പരിക്ക് മാറിയില്ല എങ്കിൽ പാകിസ്താൻ ടീമിൽ മാറ്റം വരുത്തും. നിലവിൽ ചികിത്സയ്ക്കായി ലണ്ടനിലാണ് സൈം അയ്യൂബ് ഉള്ളത്.
പാകിസ്ഥാന്റെ ഇപ്പോഴത്തെ ഏറ്റവും സ്ഥിരതയുള്ള ഏകദിന ബാറ്റ്സ്മാനാണ് അദ്ദേഹം, ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു.