ഓസ്ട്രേലിയൻ പേസർ സ്കോട്ട് ബോളണ്ടിന്റെ മികച്ച പ്രകടനമില്ലായിരുന്നെങ്കിൽ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര ജയിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരം വന്ന ബോളണ്ട് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ പ്ലെയർ ഓഫ് ദി മാച്ചും ആയി.
“പാറ്റ് കമ്മിൻസിന് മികച്ചൊരു പരമ്പരയായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ഇടംകൈയ്യൻമാരോട് അദ്ദേഹം പ്രയാസപ്പെട്ടു. സ്കോട്ട് ബൊളാൻഡ് ടീമിൽ വന്നത് ഓസ്ട്രേലിയയുടെ ഭാഗ്യമാണ്. ബൊളാൻഡ് കളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ പരമ്പര ജയിക്കുമായിരുന്നു. ജോഷ് ഹേസൽവുഡിന് ഒരു കുറ്റവുമില്ല; അദ്ദേഹം ഒരു മികച്ച ബൗളറാണ്. പക്ഷേ അവർ അതേ ആക്രമണം തുടർന്നിരുന്നെങ്കിൽ ഞങ്ങൾ വിജയിക്കുമായിരുന്നു,” അശ്വിൻ പറഞ്ഞു.