ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലാഹോറിലേക്ക് പോയേക്കാമെന്ന് റിപ്പോർട്ടുകൾ. 29 വർഷത്തിനുശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു ഐ സി സി ക്രിക്കറ്റ് ടൂർണമെന്റ് തിരിച്ചെത്തുന്നത്. ഫെബ്രുവരി 16 അല്ലെങ്കിൽ 17ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പദ്ധതിയിടുന്നു.
ഐസിസി പാരമ്പര്യങ്ങളുടെ ഭാഗമായി രോഹിത് ഉൾപ്പെടെയുള്ള എല്ലാ ടീം ക്യാപ്റ്റന്മാരും ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
17 വർഷത്തിനുശേഷം രോഹിത് പാകിസ്ഥാനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാകും ഇത്. 2008 ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും കാരണം അതിനു ശേഷം ഇന്ത്യ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചിട്ടില്ല.