ബംഗളൂരു: ഇന്ത്യൻ വനിതാ ലീഗിലെ ആദ്യ ജയം തേടി ഗോകുലം കേരളയുടെ പെൺപുലികൾ ഇന്ന് എവേ മത്സരത്തിൽ കളത്തിലിറങ്ങുന്നു. ബംഗളൂരുവിൽനിന്നുള്ള കിക്ക് സ്റ്റാർട്ട് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളി.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്.സിക്കെതിരേ ഗോകുലം സമനില നേടിയിരുന്നു. ഒരു ഗോളിന് പിറകിൽനിന്ന ശേഷം ഗോൾ മടക്കിയായിരുന്നു മലബാറിയൻസ് സമനില നേടിയത്. ഇന്നത്തെ മത്സരത്തിൽ കിക്സ്റ്റാർട്ടിനെ തോൽപ്പിച്ച് ആദ്യ ജയം നേടുക എന്ന ഉദ്യേശ്യത്തോടെയാണ് വനിതാ സംഘം എത്തുന്നത്. ജയത്തോടെ തിരിച്ചുവന്ന് കിരീടപ്പോരാട്ടത്തിൽ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ഗോകുലത്തിനായി ആദ്യ മത്സരത്തിൽ കളിച്ച അതേടീം തന്നെയാകും ഇന്നും കളത്തിലെത്തുക. ആദ്യ മത്സരത്തിൽ ഗോൾനേടിയ ഷിൽക്കി ദേവി, മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ രത്തൻ ബാല എന്നിവരുടെയെല്ലാം ഫോം ഗോകുലത്തിന് കരുത്ത് പകരുന്നതാണ്.
ആദ്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയത് ഗോകുലം ആയിരുന്നെങ്കിലും ഫിനിഷിങ്ങിലെ ചില പോരായ്മകളായിരുന്നു തിരിച്ചടിയായത്. ഇന്നത്തെ മത്സരത്തിൽ ഇതെല്ലാം പരിഹരിച്ചാണ് കളത്തിലിറങ്ങുന്നതെന്ന് പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് കിക്ക്സ്റ്റാർട്ട് ഇന്ന് ഗോകുലത്തെ നേരിടാനെത്തുന്നത്.
ആദ്യ ജയം തേടി കിക്ക്സ്റ്റാർട്ടും എത്തുന്നതോടെ ബംഗളൂരു ഫുട്ബോൾ അരീനയിൽ ഇന്ന് തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.
നാളെ രാവിലെ ഒൻപത് മണിക്ക് നടക്കുന്ന മത്സരം എസ്.എസ്.ഇ.എൻ ആപിലൂടെ തത്സമയം കാണാനാകും.