ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയിൽ വിശ്രമം അനുവദിക്കണമെന്ന കെ എൽ രാഹുലിൻ്റെ അപേക്ഷ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിരസിച്ചതായി റിപ്പോർട്ട്. ഏകദിനത്തിൽ മധ്യനിര ബാറ്ററായും വിക്കറ്റ് കീപ്പറായും കളിക്കുന്ന രാഹുൽ, പരമ്പര ഒഴിവാക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി മാച്ച് പ്രാക്ടീസ് നേടുന്നതിനായി ഏകദിന മത്സരങ്ങളിൽ പങ്കെടുക്കാൻ രാഹുലിനോട് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടി20 ഐ പരമ്പര ജനുവരി 22 ന് ആണ് ആരംഭിക്കുന്നത്. തുടർന്ന് മൂന്ന് ഏകദിനങ്ങൾ ഫെബ്രുവരി 6 ന് ആരംഭിക്കും. നായകൻ രോഹിത് ശർമ്മ, സീനിയർ ബാറ്റർ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എന്നിവർ കഠിനമായ ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ഏകദിനത്തിൽ വിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് രാഹുൽ അവസാനമായി ഏകദിനം കളിച്ചത്.