ഇന്ത്യൻ വനിതകൾക്കെതിരായ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ അയർലൻഡ് വനിതകൾ 50 ഓവറിൽ 238/7 എന്ന സ്കോർ ഉയർത്തി. 129 പന്തിൽ 15 ബൗണ്ടറികളോടെ 92 റൺസുമായി ഗാബി ലൂയിസ് ആണ് അയർലണ്ടിന്റെ ടോപ് സ്കോറർ ആയത്. 73 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 59 റൺസെടുത്ത ലിയ പോളും നിർണായക പിന്തുണ നൽകി.
കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ ബൗളർമാർ അയർലൻഡിന്റെ വിക്കറ്റുകൾ വീഴ്ത്തിയത് വലിയ സ്കോറിൽ അവർ എത്താതിരിക്കാൻ കാരണമായി. ഓർല പ്രെൻഡർഗാസ്റ്റിനെയും ലോറ ഡെലാനിയെയും പുറത്താക്കി പ്രിയ മിശ്ര രണ്ട് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കി, ഗാബി ലൂയിസിൻ്റെ സുപ്രധാന വിക്കറ്റ് ദീപ്തി ശർമ്മ സ്വന്തമാക്കി. സയാലി സത്ഘരെയും ടിറ്റാസ് സാധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അയർലൻഡിൻ്റെ ഇന്നിംഗ്സിൽ ആർലിൻ കെല്ലി (25 പന്തിൽ 28), ജോർജിന ഡെംപ്സി (3 പന്തിൽ 6*) എന്നിവരുടെ സംഭാവനകൾ നല്ല ഫിനിഷിംഗ് ഉറപ്പാക്കി.