കോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വൈകിട്ട് മൂന്ന് മുപ്പതിനാണ് കിക്ക് ഓഫ്. നിലവിലെ ചാംപ്യൻമാരായ ഒഡിഷ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളി. അവസാന സീസണിൽ ഒരു പോയിന്റ് വിത്യാസത്തിലായിരുന്നു ഗോകുലത്തിന് കിരീടം നഷ്ടമായത്. അത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ് മലബാറിയൻസിന്റെ പെൺപട ഇന്ന് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ ടൂർണമെന്റിലെ ടോപ് സ്കോററായ വിദേശ താരം ഫസീല തന്നെയാണ് ഇത്തവണയും ഗോകുലത്തിന്റെ കുന്തമുന. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങൾക്ക് ശേഷമായിരുന്നു ഫസീല ടീമിലെത്തിയത്. ഇതിനലായിരുന്നു ചില മത്സരങ്ങളിൽ ഗോകുലത്തിന് പോയിന്റ് നഷ്ടമായത്. പ്രതിരോധത്തിൽ കെനിയൻ താരം ഒവിറ്റിയുടെ പ്രകടനം മലബാറിയൻസിന് പ്രതീക്ഷ നൽകുന്നതാണ്. മധ്യനിരയിൽ ഷിൽക്കി ദേവി, രത്തൻ ബാല ദേവി എന്നിവരിലും ഗോകുലം പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.
” ഹോം മത്സരത്തിൽനിന്ന് ആദ്യ മൂന്ന് പോയിന്റ് നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യം. എതിരാളികൾ ശക്തരാണെങ്കിലും മികച്ച ഗെയിം പ്ലാനോടെയാണ് ടീം കളത്തിലിറങ്ങുന്നത്. ഒരുമാസമായി ടീം മികച്ച പരിശീലനം നടത്തിയിട്ടുണ്ട്. അതിൽ പൂർണ തൃപ്തനാണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കാനാണ് തീരുമാനം” പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.
ഉച്ചക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയും കിക്സറ്റാർട്ട് എഫ്.സിയും മത്സരിക്കുന്നുണ്ട്. എസ്.എസ്.ഇൻ. ആപിലൂടെ മത്സരം തൽസമയം കാണാൻ കഴിയും. സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണ്.