മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് പുറത്തായതിനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. ഗവാസ്കർ പന്തിൻ്റെ ഷോട്ട് സെലക്ഷനെ “മണ്ടത്തരം” എന്ന് വിളിച്ചു. കളിയുടെ നിർണായക ഘട്ടത്തിൽ ബാറ്റർ ടീമിനെ നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.
“വിഡ്ഢി, മണ്ടൻ, മണ്ടൻ! അവിടെ രണ്ട് ഫീൽഡർമാരുണ്ട്, എന്നിട്ടും ആ ഷോട്ടിനായി പോകുന്നു. ആദ്യത്തെ ഷോട്ട് നിങ്ങൾക്ക് മിസ്സായി, എന്നിട്ടും ആ ഷോട്ട് ട്രൈ ചെയ്തു. നിങ്ങൾ എവിടെയാണ് ക്യാച്ച് നൽകിയത് എന്ന് നോക്കു-ഡീപ് തേർഡ് മാനിൽ. ഇത് നിങ്ങളുടെ വിക്കറ്റ് വലിച്ചെറിയുന്ന പ്രവർത്തിയാണ്,” ഗവാസ്കർ കമന്ററിയിൽ പറഞ്ഞു.
സ്കോട്ട് ബോളണ്ടിൻ്റെ ഫുൾ-ലെംഗ്ത്ത് ഡെലിവറിയിൽ പന്ത് ഒരു സ്കൂപ്പ് ഷോട്ടിന് ശ്രമിച്ചപ്പോൾ ആണ് പുറത്തായത്. പന്ത് 28 റൺസിന് ആണ് പുറത്തായത്.
“ഇത് നിങ്ങളുടെ സ്വാഭാവിക ഗെയിമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ക്ഷമിക്കണം, അത് നിങ്ങളുടെ സ്വാഭാവിക ഗെയിമല്ല. നിങ്ങളുടെ ടീമിനെ മോശം നിലയിലാക്കുന്ന ഒരു മണ്ടൻ ഷോട്ടാണിത്,” ഗവാസ്കർ കൂട്ടിച്ചേർത്തു, പന്ത് ഇന്ത്യയുടേതിന് പകരം ഓസ്ട്രേലിയൻ ഡ്രസ്സിംഗ് റൂമിലേക്ക് നടക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 148 റൺസിന് പിന്നിലാണ്. നിതീഷ് റെഡ്ഡിയും വാഷിങ്ടൻ സുന്ദറുമാണ് ക്രീസിൽ.