വിനീഷ്യസ് ജൂനിയറിന് ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് അവാർഡ് സ്വന്തമാക്കി. 24 കാരനായ റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും വിംഗർ ദോഹയിൽ നടന്ന ഫിഫ ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ബാലൺ ഡി ഓർ സ്പെയിനിൻ്റെ റോഡ്രിക്ക് മുന്നിൽ നഷ്ടമായ സങ്കടം ഇതിലൂടെ വിനീഷ്യസ് മറികടക്കുകയാണ്.
റയൽ മാഡ്രിഡിൻ്റെ വിജയകരമായ 2023-24 കാമ്പെയ്‌നിലെ പ്രകടനമാണ് വിനീഷ്യസ് ജൂനിയറിന് ഈ പുരസ്കാരം നേടിക്കൊടുത്തത്. ചാമ്പ്യൻസ് ലീഗ്, ലാ ലിഗ കിരീടങ്ങൾ രണ്ടും റയൽ കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ആ സീസണിൽ, അദ്ദേഹം 24 ഗോളുകൾ നേടുകയും 11 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.
റയൽ മാഡ്രിഡിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം മൂന്നാം സ്ഥാനം നേടിയപ്പോൾ റോഡ്രി രണ്ടാം സ്ഥാനത്തെത്തി. അതേസമയം, തുടർച്ചയായ രണ്ടാം വർഷവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ ഐറ്റാന ബോൺമതി സ്വന്തമാക്കി.