ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളി താരം വിഷ്ണു പി വിയുടെ മികവിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് നടന്ന ഹോം മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിട്ട ഈസ്റ്റ് ബംഗാൾ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. തുടക്കത്തിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.
21ആം മിനുട്ടിൽ ആസ്മിർ സുൽജികിലൂടെ പഞ്ചാബ് ലീഡ് എടുത്തു. 39ആം മിനുട്ടിൽ എസെക്വൽ വിദാൽ ലീഡ് ഇരട്ടിയാക്കി. ഈസ്റ്റ് ബംഗാൾ ആദ്യ പകുതി 2-0 പിറകിൽ അവസാനിപ്പിച്ചു. പക്ഷെ രണ്ടാം പകുതിയിൽ അവർക്ക് തിരിച്ചടിക്കാൻ ആയി. 46ആം മിനുട്ടിൽ മഹെറിലൂടെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ വന്നു.
പിന്നാലെ 54ആം മിനുട്ടിൽ വിഷ്ണുവിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. 60ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലുമെത്തി. 64ആം മിനുട്ടിൽ ലുംഗ്ഡിം ചുവപ്പ് കണ്ടതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.
65ആം മിനുട്ടിൽ വിഷ്ണുവിന്റെ അസിസ്റ്റിൽ നിന്ന് ഡേവിഡ് ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം പൂർത്തിയാക്കി. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11ആം സ്ഥാനത്താണ്. പഞ്ചാബ് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.