നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസിൻ്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യ, 195/4 എന്ന സ്കോർ നേടി.
സ്മൃതി മന്ദാനയും ഉമാ ചേത്രിയും ചേർന്ന് 50 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി. വെറും 33 പന്തിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പടെ 54 റൺസ് മന്ദാന നേടി. 35 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 73 റൺസുമായി ജെമിമ റോഡ്രിഗസ് ആണ് കളിയിലെ താരമായത്. 28 പന്തിൽ നേടിയ ഫിഫ്റ്റി ജമീമയുടെ T20I കരിയറിലെ ഏറ്റവും വേഗതയേറിയതായിരുന്നു.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് തുടക്കത്തിലേ പതറി. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിനെ ടിറ്റാസ് സാധു 4 റൺസിന് പുറത്താക്കി. 28 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 52 റൺസുമായി ഡിയാന്ദ്ര ഡോട്ടിൻ തിരിച്ചടിച്ചപ്പോൾ, ക്യാന ജോസഫ് 33 പന്തിൽ 49 റൺസ് നേടി. എങ്കിലും വിജയം അകലെ നിന്നു. സാധു 3/37 എന്ന നിലയിൽ സ്പെൽ പൂർത്തിയാക്കിയപ്പോൾ ദീപ്തി ശർമ്മയും രാധാ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.