ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷ ഗോളിൽ തോറ്റു. ഇന്ന് കൊൽക്കത്തയിൽ വെച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3-2ന്റെ സമനില ആണ് വഴങ്ങിയത്. 95ആം മിനുട്ടിലെ ആൽബെർട്ടോയുടെ ലോംഗ് റേഞ്ചർ ആണ് ബഗാന് വിജയം നൽകിയത്.
ആദ്യ പകുതിയിൽ ഇന്ന് മികച്ച രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ നാല് മിനുട്ടിൽ തന്നെ രണ്ട് മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ആദ്യം നോഹയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വിഷാൽ കെയ്ത് മികച്ച സേവിലൂടെ രക്ഷിച്ചു.
പിന്നാലെ നോഹയുടെ പാസിൽ നിന്ന് ജീസസിന്റെ ഒരു ബാക്ക് ഫ്ലിക്കും മോഹൻ ബഗാൻ കീപ്പർ സേവ് ചെയ്തു. മോഹൻ ബഗാൻ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ അവർക്ക് സമ്മാനിച്ചത്.
33ആം മിനുട്ടിൽ അനായാസം സേവ് ചെയ്യാമായിരുന്ന ഒരു ക്രോസ് സച്ചിൻ കയ്യിൽ ഒതുക്കിയില്ല. സച്ചിൻ തട്ടിയിട്ടാ പന്ത് നേരെ മക്ലരന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ മക്ലരൻ പന്തെന്തിച്ച് മോഹൻ ബഗാന് ലീഡ് നൽകി.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരികെ വന്നു. 52ആം മിനുട്ടിൽ മോഹൻ ബഗാൻ ഡിഫൻസിലെ പിഴവ് മുതലെടുത്ത് ജീസസ് കേരള ബ്ലാസ്റ്റേഴ്സിനായി സമനില നൽകി. പെനാൾറ്റി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നാണ് ജീസസ് കെയ്തിനെ കീഴ്പ്പെടുത്തിയത്.
ഇതിനെ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. നോഹ രണ്ട് തവണ ഗോളിന് അടുത്തെത്തി. 2 തവണയും വിശാൽ കെയ്ത് വില്ലനായി. എന്നാൽ അവസാനം വിശാൽ കെയ്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ സമ്മാനിച്ചു.
77ആം മിനുട്ടിൽ ലൂണയുടെ ഒരു സെറ്റ് പീസ് കെയ്തിന്റെ കൈകളിൽ നിന്ന് വഴുതി താഴേക്ക്. ഒരു നിമിഷം പോലും പാഴാക്കാതെ മിലോസ് ഡ്രിഞ്ചിച് പന്ത് വലയിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ.
പക്ഷെ ലീഡ് അധികം നീണ്ടു നിന്നില്ല. 86ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ സമനില പിടിച്ചു. ആഷിഖ് കുരുണിയൺ ഇടത് വിങ്ങിൽ നിന്ന് നടത്തിയ നീക്കമാണ് ഗോൾ അവസരമായി മാറിയത്. സ്കോർ 2-2. സമനില എങ്കിലും നേടാം എന്ന് കരുതിയ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് 95ആം മിനുട്ടിൽ മോഹൻ ബഗാൻ സെന്റർ ബാക്ക് ആൽബെർട്ടോ വിജയ ഗോൾ നേടി. സ്കോർ 3-2.
ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്. മോഹൻ ബഗാൻ 26 പോയിന്റുമായി ഒന്നാമത് തുടരുന്നു.