ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ സമനിലയിൽ തളച്ച് ഫുൾഹാം. ഇന്ന് ഫുൾഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. ലിവർപൂളിന് മേൽ സമ്മർദ്ദം ഉയർത്താനുള്ള അവസരമാണ് ആഴ്സണൽ ഈ സമനിലയോടെ നഷ്ടപ്പെടുത്തിയത്.
ഇന്ന് ക്രേവൻ കോട്ടേജിൽ ഫുൾഹാം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. മത്സരത്തിന്റെ 11ആം മിനുട്ടിൽ തന്നെ ഫുൾഹാം ലീഡ് എടുത്തു. റൗൾ ഹിമിനസ് ആണ് തന്റെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് നിലനിർത്താാൻ ഫുൾഹാമിനായി.
രണ്ടാം പകുതിയിൽ ഒരു കോർണറിലൂടെ ആഴ്സണൽ സമനില കണ്ടെത്തി. 52ആം മിനുട്ടിൽ സെറ്റ് പീസിൽ നിന്ന് സലിബ ഗോൾ നേടുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രണ്ട് ഗോളുകളും ആഴ്സണൽ കോർണറിലൂടെ ആയിരുന്നു ഗോൾ നേടിയത്.
മത്സരത്തിന്റെ 90ആം മിനുട്ടിൽ ആഴ്സണൽ സാകയിലൂടെ ഗോൾ നേടി എങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡ് ആണെന്ന് കണ്ടെത്തി.
ഈ സമനിലയോടെ ആഴ്സണൽ 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഫുൾഹാം 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.