പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെങ്കിൽ ഐസിസി ടൂർണമെൻ്റുകൾ ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന പരിപാടികൾ ബഹിഷ്‌കരിച്ച് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) മുൻ പാക് ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ആവശ്യപ്പെട്ടു. കറാച്ചിയിൽ നടന്ന ഉറുദു കോൺഫറൻസിൽ സംസാരിച്ച അഫ്രീദി, സ്വാശ്രയത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധത്തെക്കുറിച്ച് ഉറച്ച തീരുമാനങ്ങൾ എടുക്കാൻ പിസിബിയെ പ്രേരിപ്പിക്കുകയും ചെയ്തു.
അടുത്ത വർഷമാദ്യം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൻ്റെ വെളിച്ചത്തിലാണ് അഫ്രീദിയുടെ പരാമർശം. ഇന്ത്യ ഉൾപ്പെടുന്ന മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ കളിക്കുന്ന ഹൈബ്രിഡ് മോഡൽ നിർദ്ദേശിച്ച് ടൂർണമെൻ്റിനായി പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചു. പി സി ബിയും ഈ നിലപാട് അംഗീകരിക്കുകയാണ് ഇപ്പോൾ. ഇതാണ് അഫ്രീദിയുടെ വിമർശനത്തിന് കാരണം.
പാകിസ്ഥാൻ ക്രിക്കറ്റ് ശക്തവും സ്വയംപര്യാപ്തവുമായിരിക്കണം, അഫ്രീദി പറഞ്ഞു. “ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ വന്ന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങൾ ഇന്ത്യയിൽ പോയി ഒരു ടൂർണമെന്റും കളിക്കേണ്ടതില്ല.” അദ്ദേഹം പറഞ്ഞു.