ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോടിങ്ഹാം ഫോറസ്റ്റിനോടാണ് പരാജയപ്പെട്ടത്. 2-3 എന്ന സ്കോറിനായിരുന്നു തോൽവി.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ വളരെ മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ ഫോറസ്റ്റ് ലീഡ് എടുത്തു. ഒരു കോർണറിൽ നിന്നായിരുന്നു ഫോറസ്റ്റിന്റെ ഗോൾ. മിലെങ്കോവിച് ആണ് ഹെഡ് ചെയ്ത് പന്ത് വലയിലേക്ക് എത്തിച്ചത്.
ഈ ഗോളിനോട് നന്നായി പ്രതികരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 18ആം മിനുട്ടിൽ റാസ്മസ് ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. ഉഗാർതെയുടെ പാസിൽ നിൻ ഗർനാചോയുടെ ഷോട്ട് സെലസ് തടഞ്ഞപ്പോൾ റീബൗണ്ടിൽ ഹൊയ്ലുണ്ട് സ്കോർ ചെയ്യുക ആയിരുന്നു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് തകരുന്നതാണ് കണ്ടത്. 47ആം മിനുട്ടിൽ ഗിബ്സ് വൈറ്റിന്റെ അനായാസം സേവ് ചെയ്യാമായിരുന്ന ഷോട്ട് ഒനാന വിട്ട് കളഞ്ഞു. സ്കോർ 2-1.
ആ ഷോക്കിൽ നിന്ന് കരകയറും മുമ്പ് ഒനാനയുടെ മറ്റൊരു അബദ്ധം കൂടെ വന്നു. 54ആം മിനുട്ടിൽ ക്രിസ് വുഡിന്റെ ഹെഡർ ജഡ്ജ് ചെയ്യുന്നതിൽ യുണൈറ്റഡ് ഡിഫൻസും ഒനാനയും ഒരു പോലെ പരാജയപ്പെട്ടു. സ്കോർ 3-1
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം റാഷ്ഫോർഡിനെ കളത്തിൽ എത്തിച്ച് അറ്റാക്കിംഗ് മാറ്റം വരുത്തി. 61ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരികെ വന്നു. ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ സ്കോർ 2-3 എന്നായി. അമദ് ദിയാലോ ഒരു റണ്ണിന് ശേഷം നൽകിയ പാസ് ഒരു പവർഫുൾ ഷോട്ടിലൂടെ ബ്രൂണോ വലയിൽ എത്തിച്ചു.
യുണൈറ്റഡ് ഇതിനു ശേഷം സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 13ആം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് ആകെ 19 പോയിന്റാണ് ഉള്ളത്. ഫോറസ്റ്റ് ആകട്ടെ ഈ വിജയത്തോടെ 25 പോയിന്റുമായിൽ ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി.