ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ. 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാദാബാദിന് രണ്ടാം ഇന്നിങ്സിൽ 105 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അവർക്ക് 75 റൺസ് കൂടി വേണം. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 263 റൺസിന് അവസാനിച്ചിരുന്നു.
മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ വാലറ്റക്കാർക്കൊപ്പം ഇഷാന് കുനാൽ നടത്തിയ ചെറുത്തുനില്പാണ് മത്സരത്തിൽ കേരളത്തിന് തുണയായത്. ആറ് വിക്കറ്റിന് 62 റൺസെന്ന നിലയിൽ നിന്ന് ഉജ്ജ്വലമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ച്വറിയുമായി എഹ്സാൻ ഒരറ്റത്ത് നിന്ന് പടനയിച്ചപ്പോൾ 57 റൺസെടുത്ത ദേവിഗിരിയും 25 റൺസെടുത്ത മുഹമ്മദ് റെയ്ഹാനും മികച്ച പിന്തുണയായി. 63 പന്തിൽ എട്ട് റൺസെടുത്ത അബ്ദുൾ ബാസിദിൻ്റെ പ്രകടനവും കേരള ഇന്നിങ്സിൽ നിർണ്ണായകമായി. എഹ്സാനും ബാസിദും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 66 റൺസാണ് കേരളത്തിൻ്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. എഹ്സാൻ 149 പന്തിൽ നിന്ന് 16 ഫോറടക്കം 107 റൺസ് നേടി. ഹൈദരാബാദിന് വേണ്ടി ദേവ് മേത്ത ആറ് വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളം മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 105 റൺസെന്ന നിലയിലാണ് ഹൈദരാബാദ്. ബാറ്റിങ്ങിൽ തിളങ്ങിയ എഹ്സാൻ കുനാൽ രണ്ട് വിക്കറ്റുകളുമായി ബൌളിങ്ങിലും തിളങ്ങി. നന്ദനും അബ്ദുൾ ബാസിദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി