മംഗലാപുരം : കൂച്ച് ബെഹാര്‍ ട്രോഫിയിൽ ഝാർഖണ്ഡിനെ 169 റൺസിന് പുറത്താക്കി കേരളം. ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 76 എന്ന നിലയിലാണ്. ആറ് വിക്കറ്റ് വീഴ്ത്തിയ അഭിരാമിൻ്റെ ബൌളിങ് മികവാണ് മത്സരത്തിൽ കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.
ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ബിശേഷ് ദത്തയെ പുറത്താക്കി അഭിരാം തുടക്കത്തിൽ തന്നെ കേരളത്തിന് മികച്ച തുടക്കം നല്കി. തുടർന്നെത്തിയ കൃഷ് ശർമ്മയെയും സെന്തു യാദവിനെയും അഭിരാം തന്നെ പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 36 റൺസെന്ന നിലയിലായിരുന്നു ഝാർഖണ്ഡ്. നാലാം വിക്കറ്റിൽ വത്സൽ തിവാരിയും വിവേക് കുമാറും ചേർന്നുള്ള കൂട്ടുകെട്ട് ഝാർഖണ്ഡിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ വിവേക് കുമാറിനെയും അഭിരാം പുറത്താക്കിയതോടെ ഝാർഖണ്ഡ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയ ഝാർഖണ്ഡ് ബാറ്റർമാരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. 169 റൺസിന് ഝാർഖണ്ഡ് ഇന്നിങ്സിന് അവസാനമായി. അഭിരാം ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാർത്തിക് രണ്ടും അഹ്മദ് ഇമ്രാനും അബിൻ ലാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത്, അക്ഷയ്, സൌരഭ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും കാർത്തിക്കും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കിയെങ്കിലും പത്ത് റൺസെടുത്ത കാർത്തിക് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. കളി നിർത്തുമ്പോൾ 21 റൺസോടെ അഹ്മദ് ഇമ്രാൻ ക്രീസിലുണ്ട്.