ഭുവനേശ്വർ, ഡിസംബർ 5: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒഡീഷ ഗോൾരഹിത സമനില വഴങ്ങി. ഇതോടെ ഒഡീഷ എഫ്‌സിയുടെ മികച്ച ഹോം സ്‌കോറിങ്ങ് സ്ട്രീക്ക് അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ പത്ത് മത്സരങ്ങളിൽ ആദ്യമായാണ് ഒഡീഷ ഗോൾ നേടാനാകാതെ കളി അവസാനിപ്പിക്കുന്നത്.
കിക്കോഫ് മുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ച് ഒഡീഷ എഫ്‌സി തിളങ്ങി. ഒമ്പതാം മിനിറ്റിൽ ശ്രദ്ധേയമായ ഒരു ശ്രമത്തിലൂടെ മൗറീസിയോ ഗോൾ കീപ്പറെ പരീക്ഷിച്ചെങ്കിലും ലക്ഷ്യം തെറ്റി.
പ്രത്യേകിച്ച് രണ്ടാം പകുതിയിൽ മുംബൈ സിറ്റി എഫ്‌സി ശക്തമായി പ്രതികരിച്ചു. 48-ാം മിനിറ്റിൽ വിക്രം പർതാപ് സിംഗ്-നിക്കോളാസ് കരേലിസ് സഖ്യം സുവർണാവസരം സൃഷ്ടിച്ചെങ്കിലും ഒഡീഷ ഗോൾകീപ്പർ അമ്രീന്ദർ സിംഗ് ഒരു നിർണായക സേവ് നടത്തി കരേലിസിന്റെ ഗോൾശ്രമം നിഷേധിച്ചു. നിമിഷങ്ങൾക്കകം, സന്ദർശകർക്ക് വേണ്ടി ജെറമി മാൻസോറോ, ഒരു ഉഗ്രമായ ഷോട്ടിലൂടെ അമ്രീന്ദറിനെ പരീക്ഷിച്ചു, അതും അമ്രീന്ദർ സേവ് ചെയ്തു.
ഇരു ടീമുകളും അവസാന ഘട്ടത്തിൽ തന്ത്രപരമായ സബുകൾ നടത്തിയെങ്കിലും വിജയ ഗോൾ അകന്നു നിന്നു. ഒഡീഷ 16 പോയ്ന്റുമായി നാലാം സ്ഥാനത്തും, മുംബൈ സിറ്റി 14 പോയിന്റുമായി എട്ടാം സ്ഥാനത്തും നിൽക്കുന്നു.