നിർണ്ണായക പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഇന്ന് ആൻഫീൽഡിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. റയൽ മാഡ്രിഡിനെതിരായ മികച്ച വിജയത്തിനു പിന്നാലെ വരുന്ന ലിവർപൂൾ മികച്ച ഫോമിൽ ആണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അവസ്ഥ അങ്ങനെയല്ല. അവർ വിജയമില്ലാത്ത 6 മത്സരങ്ങളുടെ സമ്മർദ്ദവുമായാണ് ആൻഫീൽഡിലേക്ക് വരുന്നത്.
ഇബ്രാഹിമ കൊണാറ്റെയും കോനർ ബ്രാഡ്ലിയും പുറത്തായതിനാൽ ലിവർപൂളിന് ഇന്ന് പരിക്കിൻ്റെ ആശങ്കകൾ ഉണ്ട്. കൂടാതെ ഡിയോഗോ ജോട്ട, അലിസൺ ബെക്കർ എന്നിവരും ലഭ്യമല്ല.
മറുവശത്ത്, ടോട്ടൻഹാമിനോട് ഞെട്ടിക്കുന്ന 4-0 തോൽവി ഉൾപ്പെടെ ആറ് മത്സരങ്ങളിൽ വിജയിക്കാത്ത മാഞ്ചസ്റ്റർ സിറ്റി അവസാന ആഴ്ചകളിൽ ബുദ്ധിമുട്ടുകയാണ്. ചാമ്പ്യൻസ് ലീഗിലും ഫെയ്നൂർഡിന് മുന്നിൽ മൂന്ന് ഗോളിൻ്റെ ലീഡ് കൂടെ കളഞ്ഞതോടെ പെപ് ഗ്വാർഡിയോളക്ക് മേലുള്ള സമ്മർദ്ദം വർധിച്ചു. ഇപ്പോഴും റോഡ്രി, ജോൺ സ്റ്റോൺസ് തുടങ്ങിയ പ്രധാന കളിക്കാരിടെ പരിക്കുകൾ സിറ്റിയെ അലട്ടുകയാണ്. എന്നാൽ റൂബൻ ഡയസിൻ്റെ തിരിച്ചുവരവ് ഒരു ഉത്തേജനം നൽകും.
ലിവർപൂളിനെതിരായ സിറ്റിയുടെ സമീപകാല റെക്കോർഡ് മികച്ചതാണ്, നാല് മത്സരങ്ങളിലെ അപരാജിത സ്ട്രീക്ക് ഉണ്ട്. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.