മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പുതിയ പരിശീലകൻ റുബെൻ അമോറിമിനു കീഴിൽ തങ്ങളുടെ ആദ്യ വിജയം നേടി. ഇന്ന് യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോദോയെ ആണ് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ 2-1ന് പിറകിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 3-2ന് ജയിക്കുക ആയിരുന്നു.
ഇന്ന് മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഗോൾ നേടി. ബോദോ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഗർനാചോ ആണ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ഇതിൽ പതറാത്ത സന്ദർശക ടീം 19ആം മിനുട്ടിലും 23ആം മിനുട്ടിലും തുടരെ ഗോൾ അടിച്ച് 2-1ന് മുന്നിൽ എത്തി. ഹാകോൺ ഇവനും സിങ്കർനാഗലും ആണ് ബോദോയ്ക്ക് ആയി ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹൊയ്ലുണ്ടിലൂടെ സമനില നേടി. ഉഗാർതെ ബോദോ ഡിഫംസീവ് താരങ്ങളെ ഡ്രിബിൾ ചെയ്തകറ്റി നൽകിയ ക്രോസ് മനോഹരമായ ടച്ചിലൂടെ നിയന്ത്രണത്തിൽ ആക്കി രണ്ടാം ടച്ചിലൂടെ വലയിലെത്തിച്ചാണ് ഹൊയ്ലുണ്ട് സമനില നൽകിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൊയ്ലുണ്ട് തന്നെ യുണൈറ്റഡിന് ലീഡ് നൽകി. ഉഗാർതെയുടെ പാസിൽ നിന്നായിരുന്നു ഈ ഫിനിഷ്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 9 പോയിന്റുമായി ടേബിളിൽ 12ആം സ്ഥാനത്ത് നിൽക്കുന്നു.