യുഫേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ഗോൾ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ബാഴ്‌സലോണയുടെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. തന്റെ 125 മത്തെ ചാമ്പ്യൻസ് മത്സരത്തിൽ ബ്രസ്റ്റിന് എതിരെ പെനാൽട്ടിയിലൂടെ ഈ നേട്ടം കൈവരിച്ച ലെവൻഡോസ്കി തുടർന്ന് 101 മത്തെ ഗോളും നേടി. സീസണിൽ ഉഗ്രൻ ഫോമിലുള്ള താരത്തിന്റെ 23 മത്തെ കളിയിലെ 23 മത്തെ ഗോളും ആയിരുന്നു ഇത്.
ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, എഫ്.സി ബാഴ്‌സലോണ ക്ലബുകൾക്ക് ആയി കളിച്ചു ആണ് ലെവൻഡോസ്കി ഈ നേട്ടത്തിൽ എത്തിയത്. ഇതിന് മുമ്പ് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചവർ. ചാമ്പ്യൻസ് ലീഗിൽ 129 ഗോളുകൾ നേടിയ മെസ്സിയും 140 ഗോളുകൾ നേടിയ റൊണാൾഡോയും മാത്രമാണ് നിലവിൽ 101 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് മുന്നിൽ ഉള്ളവർ.