യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള സ്പോർട്ടിങ് ലിസ്ബണിനെ 5-1 നു തകർത്ത് കരുത്ത് കാട്ടി ആഴ്‌സണൽ. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-1 നു തകർത്ത സ്പോർട്ടിങ് സീസണിൽ ഇത് ആദ്യമായാണ് ഒരു മത്സരം തോൽക്കുന്നത്. റൂബൻ അമോറിം പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള രണ്ടാം മത്സരത്തിൽ മികവ് കാട്ടാൻ ആയെങ്കിലും ആഴ്‌സണലിന്റെ മികവിന് മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല. മത്സരഫലം സൂചിപ്പിക്കുന്നതിലും നന്നായി കളിച്ചെങ്കിലും യൂറോപ്പിൽ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരം വിക്ടർ ഗോകരസിനെ ഗബ്രിയേലും സലിബയും പൂട്ടിയപ്പോൾ ഇടക്ക് ലഭിച്ച മികച്ച അവസരങ്ങൾ ഡേവിഡ് റയ രക്ഷിച്ചപ്പോൾ സ്പോർട്ടിങ് വമ്പൻ പരാജയം ഏറ്റുവാങ്ങി.
മത്സരത്തിൽ ഏഴാം മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ യൂറിയൻ ടിംബർ നൽകിയ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 22 മത്തെ മിനിറ്റിൽ വീണ്ടും മികച്ച ഒരു നീക്കത്തിൽ പാർട്ടി നൽകിയ പന്ത് ബുകയോ സാക ഹാവർട്സിന് മറിച്ചു നൽകിയപ്പോൾ ഗോൾ നേടിയ ജർമ്മൻ താരം ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു ചാടി വീണ് ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിനെ ആദ്യ പകുതിയിൽ തന്നെ 3-0 നു മുന്നിൽ എത്തിച്ചു.
രണ്ടാം പകുതി നന്നായി ആണ് സ്പോർട്ടിങ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ ലഭിച്ച കോർണറിൽ നിന്നു ഇനാസിയോ ഗോൾ നേടിയതോടെ പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ കൈവന്നു. ആഴ്‌സണൽ പ്രതിരോധത്തെ പരീക്ഷിക്കാൻ അവർക്ക് ആയെങ്കിലും സലിബയും ഗബ്രിയേലും ഗോളിന് മുന്നിൽ റയയും പാറ പോലെ ഉറച്ചു നിന്നു. 65 മത്തെ മിനിറ്റിൽ ഉഗ്രൻ ആയി കളിച്ച ക്യാപ്റ്റൻ ഒഡഗാർഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാക ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 82 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിഖേൽ മെറീന്യോയുടെ ഷോട്ട് സ്പോർട്ടിങ് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ട് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ട്രൊസാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. ജയത്തോടെ ഗ്രൂപ്പ് ടേബിളിൽ ആദ്യ എട്ടിലേക്ക് എത്താൻ ആഴ്‌സണലിന് ആയി.