സി.കെ നായിഡുവില്‍ പവന്‍ രാജിന് ആറ് വിക്കറ്റ്; കേരളത്തിന് 199 റണ്‍സ് ലീഡ്

Newsroom

Picsart 24 11 17 17 44 11 201
Download the Fanport app now!
Appstore Badge
Google Play Badge 1

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ കരുത്തരായ തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളം. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുടെ മികവില്‍ കേരളം ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന്റെ ലീഡ് നേടി. കേരളം ഉയര്‍ത്തിയ 337 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ തമിഴ്‌നാട് 228 ന് ഓള്‍ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.

ഇതോടെ ലീഡ് 199 ആയി. 16 ഓവറില്‍ 49 റണ്‍സ് വഴങ്ങി തമിഴ്‌നാടിന്റെ ആറു വിക്കറ്റും വീഴ്ത്തിയത് പവന്‍രാജാണ്.
ഒന്നിന് 56 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച തമിഴ്‌നാടിന്റെ ബാറ്റിങ് നിരയില്‍ വിമല്‍ കുമാര്‍(62), എസ്.ആര്‍ അതീഷ്(48), ബൂപതി വൈഷ്ണ കുമാര്‍(59) എന്നിവര്‍ക്ക് മാത്രമാണ് കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായത്. സ്‌കോര്‍ 110 ല്‍ എത്തിയപ്പോള്‍ വിമലിനെ അഖിന്റെ പന്തില്‍ ഗോവിന്ദ് ദേവ് ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്ന് തമിഴ്‌നാടിന് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച എസ്.ആര്‍ അതീഷിന്റെ വിക്കറ്റും അഖിന്‍ തന്നെ വീഴ്ത്തി തമിഴ്‌നാടിന് തിരിച്ചടി നല്‍കി. 209 റണ്‍സ് നേടുന്നതിനിടെ തമിഴ്‌നാടിന്റെ ആറുവിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്.

സ്‌കോര്‍ 209 ല്‍ എത്തിയപ്പോള്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ബൂപതിയെ അഭിജിത്ത് പ്രവീണ്‍ പുറത്താക്കിയതോടെ തമിഴ്‌നാട് പ്രതിരോധത്തിലാവുകയായിരുന്നു. തുടര്‍ന്ന് വെറും 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തമിഴ്‌നാടിന്റെ നാല് വിക്കറ്റുകളും വീഴ്ത്തി ആദ്യ ഇന്നിങ്‌സില്‍ കേരളം മേല്‍ക്കൈ നേടുകയായിരുന്നു. കേരളത്തിനായി അഖിന്‍ 59 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന്റെ വരുണ്‍ നയനാര്‍(32), രോഹന്‍ നായര്‍(6) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍ കേരളം-337,90/3 തമിഴ്‌നാട്-228.