കൂച്ച് ബെഹാറില്‍ അഹമ്മദ് ഇമ്രാന്‍, തോമസ് മാത്യു, അഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് അര്‍ദ്ധ സെഞ്ച്വറി

Newsroom

കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍, ഓപ്പണര്‍ അഹമ്മദ് ഖാന്‍, തോമസ് മാത്യു എന്നിവര്‍ക്ക് അര്‍ദ്ധ സെഞ്ച്വറി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് മൂവരും അര്‍ദ്ധ സെഞ്ച്വറി നേടിയത്. 93 പന്ത് നേരിട്ട ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ 70 റണ്‍സെടുത്തു. ഓപ്പണര്‍ അഹമ്മദ് ഖാന്‍ 74 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഖാന്റെ ഇന്നിങ്‌സ്. എട്ടാമനായി ഇറങ്ങിയ തോമസ് മാത്യു 127 പന്തില്‍ പുറത്താകാതെ 53 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അക്ഷയ് എസ്.എസും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 167 പന്തില്‍ 92 റണ്‍സെടുത്ത അക്ഷയ് ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

രണ്ട് ഇന്നിങ്‌സുകളിലായി നാല് താരങ്ങള്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും കൂച്ച് ബെഹാറില്‍ കേരളം മഹാരാഷ്ട്രയോട് 99 റണ്‍സിന് പരാജയപ്പെട്ടു. ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ് കേരളത്തിനുണ്ടായിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മഹാരാഷ്ട്ര ശക്തമായി തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിന് 484 റണ്‍സെടുത്ത മഹാരാഷ്ട്ര ഡിക്ലയര്‍ ചെയ്തപ്പോള്‍ അവസാന ദിനം 351 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയില്‍ അവസാന ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് 222 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഒരുഘട്ടത്തില്‍ അഹമ്മദ് ഇമ്രാനും തോമസ് മാത്യുവും തമ്മിലുള്ള കൂട്ട്‌കെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും മഹാരാഷ്ട്രയുടെ കിരണ്‍, ഇമ്രാനെ പുറത്താക്കിയതോടെ കേരളം വീണ്ടും പരുങ്ങലിലായി. പിന്നീട് പത്താമനായി ഇറങ്ങിയ മുഹമ്മദ് ജസീലിനെ കൂട്ടുപിടിച്ച് തോമസ് മാത്യു സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്‍ത്തിക് ജസീലിനെ പുറത്താക്കി മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.