ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് നിർഭാഗ്യകരമായ പരാജയം ഏറ്റുവാങ്ങി. റഫറിയുടെ വിവാദ തീരുമാനം ആണ് കളിയുടെ ഗതി കേരള ബ്ലാസ്റ്റേഴ്സിന് എതിരാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. 13ആം മുനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബ്ലാസ്റ്റേഴ്സിനായി. 17കാരനായ കുറോ സിങ് വലതു വിങ്ങിലൂടെ നടത്തിയ നീക്കം ഹൈദരാബാദ് ഡിഫൻസിനെ വലച്ചു. കുറോ ബോക്സിൽ നിന്ന് പന്ത് ജിമിനസിന് കട്ട് ചെയ്തു നൽകി. ജിമിനസ് പന്ത് വലയിൽ എത്തിച്ചു.
ജിമിനസിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ഹാൻഡ്ബോളിന് കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടൈക്ക് ആയി അപ്പീൽ ചെയ്തു എങ്കിലും റഫറിയുടെ വിധി എതിരായിരുന്നു. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഐമൻ ആദ്യ പകുതിയിൽ കളം വിടേണ്ടതായും വന്നു.
43ആം മിനുട്ടിൽ ആൻഡ്രി ആൽബയിലൂടെയാണ് ഹൈദരാബാദ് സമനില നേടിയത്. രണ്ടാം പകുതിയിൽ ലീഡ് തിരിച്ചെടുത്ത് വിജയിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. പക്ഷെ ഗോൾ വന്നില്ല. എന്നാൽ 70ആം മിനുട്ടിൽ ഹൈദരാബാദ് തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി.
റഫറിയുടെ വിവാദ വിധി ഹൈദരാബാദിന് ഒരു പെനാൾറ്റി നൽകുകയായിരുന്നു. ഹോർമിപാമിന് ഹാൻഡ് ബോൾ എന്ന് കരുതിയാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ പന്ത് ഹോർമിയുടെ കയ്യുടെ ഏഴകലത്തിൽ ഉണ്ടായിരുന്നില്ല. ഈ പെനാൾറ്റി ലക്ഷ്യത്തിൽ എത്തിച്ച് ആൽബ ഹൈദരാബാദിന് ലീഡ് നൽകി.
കേരള ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും അത് നടന്നില്ല.
ഈ പരാജയം ബ്ലാസ്റ്റേഴ്സിനെ 8 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി 10ആം സ്ഥാനത്ത് നിർത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.