സഹൂർ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ തകർത്തു. ഇന്നിങ്‌സിനും 273 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. 2002-ൽ വെസ്റ്റ് ഇൻഡീസിനോട് ഇന്നിംഗ്‌സിനും 310 റൺസിനും തോറ്റ ബംഗ്ലാദേശിൻ്റെ 22 വർഷത്തിനിടയിലെ ഏറ്റവും വലിയ തോൽവിയാണിത്. ഈ ആധിപത്യ പ്രകടനത്തോടെ എയ്ഡൻ മാർക്രത്തിൻ്റെ നേതൃത്വത്തിലുള്ള പ്രോട്ടീസ് രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ആറ് വിക്കറ്റിന് 575 റൺസിന് അടുത്ത് എത്താൻ രണ്ട് ഇന്നിംഗ്സ് കൊണ്ടും ബംഗ്ലാദേശിന് ആയില്ല. ആതിഥേയർ മൂന്നാം ദിവസം മാത്രം 16 വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കേശവ് മഹാരാജ് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം രേഖപ്പെടുത്തി. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 159 റൺസിനും രണ്ടാം ഇന്നിങ്സിൽ 143 റൺസിനും പുറത്തായി. 177 റൺസ് നേടിയ ടോണി ഡി സോർസി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി.