യുഫേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു അവിസ്മരണീയ ജയം കുറിച്ച് റയൽ മാഡ്രിഡ്. ബൊറൂസിയ ഡോർട്ട്മുണ്ടിനു എതിരെ ആദ്യ പകുതിയിൽ 2-0 നു പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 5 ഗോളുകൾ അടിച്ചാണ് ബെർണബ്യുയിൽ റയൽ മാഡ്രിഡ് ജയം കണ്ടത്. ലില്ലെയോട് ഏറ്റ പരാജയത്തിൽ നിന്നു റയൽ കര കയറിയപ്പോൾ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിന്റെ ആദ്യ പരാജയം ആണ് ഇത്. മത്സരത്തിൽ 30 മത്തെ മിനിറ്റിൽ ഡോണിയൽ മാലന്റെയും 34 മത്തെ മിനിറ്റിൽ ജെയ്മി ഗിറ്റൻസിന്റെയും ഗോളിൽ ഡോർട്ട്മുണ്ട് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ഒരു പ്രതിരോധ താരത്തെ കൂടി ഇറക്കി മത്സരം പിടിക്കാനുള്ള ഡോർട്ട്മുണ്ട് നീക്കത്തെ റയൽ മാഡ്രിഡ് തകർക്കുന്നത് ആണ് പിന്നീട് കണ്ടത്.
60 മത്തെ മിനിറ്റിൽ എംബപ്പെയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ റൂഡിഗർ ഒരു ഗോൾ മടക്കിയപ്പോൾ 62 മത്തെ മിനിറ്റിൽ ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ മത്സരത്തിൽ റയലിനെ ഒപ്പം എത്തിച്ചു. 83 മത്തെ മിനിറ്റിൽ ഉഗ്രൻ ഷോട്ടിലൂടെ ലൂകാസ് വാസ്ക്വസ് റയലിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. 3 മിനിറ്റിനുള്ളിൽ ബെല്ലിങ്ഹാമിന്റെ പാസിൽ നിന്നു സ്വന്തം ഹാഫിൽ നിന്നു സോളോ റണ്ണിലൂടെ എല്ലാവരെയും മറികടന്നു അതുഗ്രൻ രണ്ടാം ഗോൾ കണ്ടത്തിയ വിനീഷ്യസ് റയൽ ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിനീഷ്യസ് റയലിന്റെ വമ്പൻ ജയവും തന്റെ ബാലൻ ഡിയോർ യോഗ്യതയും ഉറപ്പാക്കി.