മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിനെ 1-2 ന് അട്ടിമറിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരുവനന്തപുരത്തിന്റെ ആവേശജയം. ലീഗിൽ കണ്ണൂരിന്റെ ആദ്യ തോൽവിയാണിത്.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ കണ്ണൂരിനായി അലിസ്റ്റർ ആന്റണിയും തിരുവനന്തപുരത്തിനായി ഓട്ടിമർ, അക്മൽ ഷാൻ എന്നിവരും ഗോൾ നേടി.
എട്ട് കളികളിൽ 13 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. എട്ട് കളികളിൽ 12 പോയന്റുള്ള തിരുവനന്തപുരം മൂന്നാം സ്ഥാനത്തേക്ക് കയറി.
സ്‌പെയിൻകാരൻ അഡ്രിയാൻ സെർഡിനേറോ കണ്ണൂർ വാരിയേഴ്‌സിന്റെയും
ബ്രസീൽ താരം പാട്രിക് മോട്ട തിരുവനന്തപുരം കൊമ്പൻസിന്റെയും നായകസ്ഥാനത്ത് ഇറങ്ങിയ മത്സരത്തിന്റെ തുടക്കം മുതൽ ഇരുസംഘങ്ങളും ആക്രമണത്തിൽ ഊന്നിയാണ് കളിച്ചത്.
എട്ടാം മിനിറ്റിൽ കണ്ണൂരിന്റെ എസിയർ ഗോമസിന് ബോക്സിൽ വെച്ച് അവസരം ലഭിച്ചെങ്കിലും ഷോട്ടിന് കരുത്തില്ലാതെ പോയി.
ഇരുപതാം മിനിറ്റിൽ തിരുവനന്തപുരം ഷിനുവിന് പകരം അഖിൽ ചന്ദ്രനെ കളത്തിലിറക്കി.
ഇരുപത്തിനാലാം മിനിറ്റിൽ കണ്ണൂർ ഗോൾ നേടി. നായകൻ സെർഡിനേറോ നീക്കി നൽകിയ പന്തിൽ അലിസ്റ്റർ ആന്റണിയുടെ മനോഹരമായ ഫിനിഷിങ് 1-0.
കണ്ണൂരിന്റെ ടീം ഗെയിമിനെതിരെ പാട്രിക് മോട്ടയുടെ ഒറ്റയാൾ പോരാട്ടങ്ങളാണ് ഒന്നാം പകുതിയിൽ തിരുവനന്തപുരത്തിന് അല്പമെങ്കിലും കരുത്തുപകർന്നത്.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തിരുവനന്തപുരം ടി എം വിഷ്ണു, അക്മൽ ഷാൻ എന്നിവരെ കൊണ്ടുവന്നു. മോട്ട – ഓട്ടിമർ സഖ്യം കണ്ണൂർ ഗോൾ ഏരിയയിൽ നിരന്തരം ഭീഷണി ഉയർത്തുന്നതിനിടെ സമനില ഗോൾ വന്നു. അറുപത്തിരണ്ടാം മിനിറ്റിൽ മോട്ടയെടുത്ത ഫ്രീകിക്കിൽ ഓട്ടിമറിന്റെ ഡൈവിങ് ഹെഡ്ഡർ. ഗോളി അജ്മലിന് അവസരമൊന്നും നൽകാതെ പന്ത് കണ്ണൂർ വലയിൽ കയറി 1-1. അബുൽ ഹസൻ, വിൽഡൻ, ഫഹീസ്, ഹർഷൽ എന്നിവരെയെല്ലാം പകരക്കാരായി കൊണ്ടുവന്ന് ഇരു ടീമുകളും വിജയഗോളിനായുള്ള ശ്രമം നടത്തുന്നതിനിടെ തിരുവനന്തപുരം ലീഡ് നേടി. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ കണ്ണൂർ പ്രതിരോധത്തിലെ ധാരണ പിശക് മുതലെടുത്ത അക്മൽ ഷാനാണ് സ്കോർ ചെയ്തത്.
തിരുവനന്തപുരം – കണ്ണൂർ ആദ്യ ലെഗ് മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. 3500 ഓളം കാണികളാണ് ഇന്നലെ (ഒക്ടോബർ 19) കോഴിക്കോട് സ്റ്റേഡിയത്തിൽ കളികാണാൻ എത്തിയത്.
എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (ഒക്ടോബർ 20) ഫോഴ്സ കൊച്ചി, കാലിക്കറ്റ് എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.