ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ. ഈ സീസണിന് ഒടുവിൽ താൻ വിരമിക്കും എന്നു സാമൂഹിക മാധ്യമത്തിലൂടെ റാഫ നദാൽ തന്നെയാണ് പ്രഖ്യാപിച്ചത്. വികാരപരമായി കാണപ്പെട്ട നദാൽ നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങൾക്ക് ശേഷം ടെന്നീസ് റാക്കറ്റ് താഴെ വെക്കും എന്നാണ് പ്രഖ്യാപിച്ചത്. പലപ്പോഴും കരിയറിൽ പരിക്ക് വില്ലനായ നദാലിന് അവസാന കാലത്തും പരിക്ക് തന്നെയാണ് വില്ലൻ ആയി എത്തിയത്.
38 കാരനായ കളിമണ്ണ് മൈതാനത്തെ ഇതിഹാസ സ്പാനിഷ് താരം 14 ഫ്രഞ്ച് ഓപ്പൺ കിരീടം അടക്കം 22 തവണയാണ് ഗ്രാന്റ് സ്ലാം കിരീടം നേടിയത്. 2 തവണ വീതം വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ റാഫ 4 തവണ യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 36 മാസ്റ്റേഴ്സ് കിരീടവും, 5 ഡേവിസ് കപ്പ് കിരീടവും, 2 തവണ ഒളിമ്പിക് സ്വർണ മെഡലും നേടിയ നദാൽ 5 വർഷം അവസാനം ലോക ഒന്നാം നമ്പറിലും ഇരുന്നിട്ടുണ്ട്. ലോക സ്പോർട്സ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന നദാലും റോജർ ഫെഡററും, നൊവാക് ജ്യോക്കോവിചും ആയുള്ള വൈര്യം ഒക്കെ ഇതിഹാസ സമാനമായത് ആയിരുന്നു.