ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് മത്സരം ആവേശകരമായ സമനിലയിൽ. ഇരു ടീമുകളും 3 വീതം ഗോൾ നേടിയ മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിന്റെ ഈജിപ്ത് മുന്നേറ്റനിര താരം ഒമർ മർമൗഷിന്റെ അഴിഞ്ഞാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്. 2 ഗോളുകളും 1 അസിസ്റ്റും നേടിയ ഒമർ ഇത് വരെ സീസണിൽ ലീഗിൽ 8 ഗോളുകളും 4 അസിസ്റ്റുകളും ആണ് നേടിയത്. മത്സരത്തിൽ 15 മത്തെ മിനിറ്റിൽ മുള്ളറിന്റെ പാസിൽ നിന്നു കിമ്മിന്റെ ഗോളിലൂടെ ബയേൺ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ ഒമർ പക്ഷെ ബയേണിനെ ഞെട്ടിച്ചു.
35 മത്തെ മിനിറ്റിൽ ഹുഗോ എകിറ്റെകെയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് മത്സരത്തിൽ മുന്നിൽ എത്തി. എന്നാൽ 3 മിനിറ്റിനുള്ളിൽ ഉപമകാന്യോയിലൂടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്ന് ഗോൾ നേടിയ മൈക്കിൾ ഒലീസെ ബയേണിന് മത്സരത്തിൽ വീണ്ടും മുൻതൂക്കം നൽകി. മത്സരം ബയേൺ ജയിച്ചു എന്നുറപ്പിച്ച സമയത്ത് 94 മത്തെ മിനിറ്റിൽ എറിക് ജൂനിയറിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ സമനില കണ്ട ഒമർ ഫ്രാങ്ക്ഫർട്ടിന് സമനില സമ്മാനിക്കുക ആയിരുന്നു. ലീഗിൽ മറ്റൊരു മത്സരത്തിൽ ലൈപ്സിഗ് എതിരില്ലാത്ത ഒരു ഗോളിന് ജയം കണ്ടു. നിലവിൽ 6 മത്സരങ്ങൾക്ക് ശേഷം 14 പോയിന്റുകളും ആയി ബയേൺ ഒന്നാമതും അതേപോയിന്റും ആയി ലൈപ്സിഗ് രണ്ടാമതും ആണ്. 13 പോയിന്റും ആയി ഫ്രാങ്ക്ഫർട്ട് മൂന്നാം സ്ഥാനത്തും ആണ്.