മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് (ഒക്ടോബർ 5) തുടക്കം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ എതിരിടും. കിക്കോഫ് വൈകീട്ട് 7.30 ന്. പോയൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥനക്കാരും തമ്മിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കണ്ണൂരിന് ഒൻപതും തൃശൂരിന് രണ്ടും പോയൻ്റാണ് ഉള്ളത്.
ലീഗ് പാതി പിന്നിട്ടതോടെ സെമി ഫൈനൽ ബെർത്തിനായി ഇനിയുള്ള മത്സരങ്ങളിൽ പോരാട്ടം മുറുകും. ലീഗിൽ ഇതുവരെ ഒരു ജയം പോലും നേടാൻ കഴിയാത്ത തൃശൂരിന് ഇനിയൊരു തോൽവി മുന്നോട്ടുള്ള സാധ്യതകൾക്ക് വിഘാതമാവും. പരാജയമറിയാതെ കുതിക്കുന്ന കണ്ണൂർ വിജയത്തോടെ സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമാവാനാവും ശ്രമിക്കുക.
ലീഗിൽ ഗോളടിക്കാൻ വിഷമിക്കുന്ന തൃശൂരിൻ്റെ മുന്നേറ്റനിരയിൽ കോച്ച് ജിയോവണി സാനു ചില സർപ്രൈസ് മാറ്റങ്ങൾ വരുത്താൻ സാധ്യത ഏറെ. അഞ്ച് കളികളിൽ മൂന്ന് ഗോൾ മാത്രമാണ് ടീം ഇതുവരെ സ്കോർ ചെയ്തത്. അറ്റാകിങ് പൊസിഷനിൽ നായകന്‍ സികെ വിനീതിനൊപ്പം മാര്‍സലോ, അഭിജിത്ത് എന്നിവരുടെ പ്രകടനം ഇന്ന് ഏറെ നിർണായകമാവും.
ഗോൾ അടിക്കുന്നതിനൊപ്പം വഴങ്ങുകയും ചെയ്യുന്നുവെന്നതാണ് കണ്ണൂർ ടീമിൻ്റെ പ്രശ്നം. ടേബിളിൽ ഒന്നാംപടിയിൽ നിൽക്കുന്ന ടീം ഏഴ് ഗോൾ എതിർ പോസ്റ്റിൽ എത്തിച്ചപ്പോൾ അഞ്ചെണ്ണം തിരിച്ചുവാങ്ങി. രണ്ടു ഗോൾ വീതം നേടി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്പാനിഷ് താരങ്ങളായ ഡേവിഡ് ഗ്രാൻഡെ, അഡ്രിയാൻ സർഡിനെറോ എന്നിവർ തന്നെയാകും കണ്ണൂർ ടീമിൻ്റെ ആക്രമണം നയിക്കുക.
ലൈവ്
മത്സരം തത്സമയം സ്റ്റാർ സ്പോർട്സ് സിലും(ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.