ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ആവേശകരമായ മത്സരമാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിലേക്ക് വന്നത്.
മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.
മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.
36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു എങ്കിലും വിജയ ഗോൾ വന്നില്ല.
ഇഞ്ച്വറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി റഫറി അനുവദിച്ചതുമില്ല. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 5 പോയിന്റ് ആണുള്ളത്.