ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചു. നോഹ സദോയിയുടെ മികച്ച ഫിനിഷാണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്. അവസാനം അവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റും ഉറപ്പിക്കാമായിരുന്നു.
ഇന്ന് ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. അവരുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ജിതിനും അജാരെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് നിരന്തരം വെല്ലുവിളി ഉയർത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല അവസരങ്ങൾ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നൽകിയ അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആയില്ല.
രണ്ടാം പകുതിയിൽ സച്ചിൻ സുരേഷിന്റെ ഒരു പിഴവ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. 59ആം മിനുട്ടിൽ അജാരെ എടുത്ത ഫ്രീകിക്ക് അനായാസം പിടിക്കാമായിരുന്നു എങ്കിലും സച്ചിന്റെ കയ്യിൽ നിന്ന് പന്ത് വഴുതി വലയ്ക്ക് അകത്തേക്ക് പോയി. സ്കോർ 1-0.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ഈ ഗോളിനോട് പ്രതികരിച്ചു. 67ആം മിനുട്ടിൽ നോഹ സദോയിയുടെ ഒരു മികച്ച ഫിനിഷ് ബ്ലാസ്റ്റേഴ്സിന് സമനില നൽകി. നോഹ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ലോ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
83ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം അഷീർ അക്തർ ചുവപ്പ് കണ്ട് പുറത്ത് പോയി. ഇതിനു ശേഷം വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചു. അവസാന നിമിഷങ്ങളിൽ രണ്ട് സുവർണ്ണാവസരങ്ങൾ ഐമന് ലഭിച്ചു. പക്ഷെ രണ്ടു വലയിൽ എത്തിയില്ല.
3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 4 പോയിന്റാണുള്ളത്.