ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ നേടിയ 280 റൺസിൻ്റെ വിജയം ബാറ്റർമാരുടെയും ബൗളർമാരുടെയും ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായി. ഋഷഭ് പന്തിൻ്റെ ഉജ്ജ്വല സെഞ്ച്വറി അദ്ദേഹത്തെ ആദ്യ പത്തിൽ എത്തിച്ചപ്പോൾ, വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് പിറകോട്ട പോയി.
രണ്ട് ഇന്നിംഗ്സുകളിലുമായി 23 റൺസ് മാത്രം നേടിയ വിരാട് കോഹ്ലി ആദ്യ പത്തിൽ നിന്ന് പുറത്തായി, അഞ്ച് സ്ഥാനങ്ങൾ പിന്തള്ളി 12-ാം സ്ഥാനത്തെത്തി. അതേസമയം, 11 റൺസ് മാത്രം നേടിയ രോഹിത് ശർമ്മ അഞ്ച് സ്ഥാനങ്ങൾ താഴ്ന്ന് പത്താം റാങ്കിലെത്തി.
ഇതിനു വിപരീതമായി, 2022 ഡിസംബറിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മിന്നുന്ന തിരിച്ചുവരവ് നടത്തി. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി അദ്ദേഹത്തെ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർത്തി. അതേ മത്സരത്തിൽ അർധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൗളിംഗ് റാങ്കിംഗിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. സെഞ്ചുറി ഉൾപ്പെടെയുള്ള ഓൾറൗണ്ട് പ്രകടനമാണ് അശ്വിനെ റാങ്കിങ്ങിൽ മുന്നിൽ നിർത്തിയത്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് മൂന്നാം സ്ഥാനത്താണ്.
ബൗളർമാരിൽ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഓസ്ട്രേലിയയുടെ നഥാൻ ലിയോൺ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.