ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ മൊണാകോയോട് ഒന്നിന് എതിരെ രണ്ടു ഗോളിന് പരാജയപ്പെട്ടു ബാഴ്സലോണ. പുതിയ പരിശീലകൻ ഹാൻസി ഫ്ലികിന് കീഴിൽ ബാഴ്സയുടെ ആദ്യ പരാജയം ആണ് ഇത്. പത്താം മിനിറ്റിൽ മിനാമിനോയെ ബോക്സിനു അടുത്തു വെച്ചു ഫൗൾ ചെയ്തതിനു എറിക് ഗാർസിയക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ പത്ത് പേരും ആയാണ് ബാഴ്സലോണ കളിച്ചത്. മത്സരത്തിൽ 16 മിനിറ്റിൽ ബാഴ്സ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ ഭീകര പിഴവിൽ നിന്നു 16 മിനിറ്റിൽ വെന്റെഴ്സന്റെ പാസിൽ നിന്നു മാഗ്നസ് അകിയൊചെ ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകുക ആയിരുന്നു.
തുടർന്ന് 28 മത്തെ മിനിറ്റിൽ മാർക് കസാഡയുടെ പാസിൽ നിന്നു ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയ ലെമീൻ യമാൽ ബാഴ്സലോണയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 11 പേരുമായി ആധിപത്യത്തോടെ കളിച്ച മൊണാകോ രണ്ടാം പകുതിയിൽ അർഹിച്ച ജയം കരസ്ഥമാക്കുക ആയിരുന്നു. വെന്റെഴ്സന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജോർജ് ഇലെനിഖന 71 മിനിറ്റിൽ ഫ്രഞ്ച് ക്ലബിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ ആർ.ബി ലെപ്സിഗിനെ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. നാലാം മിനിറ്റിൽ ബെഞ്ചമിൻ സെസ്കോയുടെ ഗോളിൽ മുന്നിൽ എത്തിയ ജർമ്മൻ ക്ലബിനെതിരെ അന്റോണിയോ ഗ്രീസ്മാൻ നേടിയ ഗോളിൽ അത്ലറ്റികോ മാഡ്രിഡ് ഒപ്പമെത്തി. തുടർന്ന് 90 മത്തെ മിനിറ്റിൽ ഗ്രീസ്മാന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഹോസെ ഹിമനസ് ആണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്.