ഉറപ്പുള്ള ബന്ധം ഏഴാം വര്‍ഷത്തിലേക്ക്; പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സുമായി കൈകോര്‍ത്ത് കള്ളിയത്ത് ടിഎംടി

Newsroom

കൊച്ചി, സെപ്തംബര്‍ 19, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024 – 25 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് സ്‌പോണ്‍സറായി കള്ളിയത്ത് ടിഎംടി. തുടര്‍ച്ചയായ 7 വര്‍ഷത്തെ വിജയകരമായ പങ്കാളിത്തത്തിന്റെ കെട്ടുറപ്പ് ഐഎസ്എല്‍ പതിനൊന്നാം പതിപ്പിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം കള്ളിയത്ത് ടിഎംടി തുടരുകയാണ്. ഇത്രയും നീണ്ട കാലയളവില്‍ ബ്ലാസ്റ്റേഴ്‌സിന് പിന്തുണനല്‍കിക്കൊണ്ട് ഒപ്പം നില്‍ക്കുന്ന ഏക ബ്രാന്‍ഡാണ് കള്ളിയത്ത് ടിഎംടി. ക്ലബിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കുവാനുള്ള കമ്പനിയുടെ അചഞ്ചലമായ അര്‍പ്പണബോധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

1929ല്‍ പ്രവര്‍ത്തനമാരംഭിച്ച കള്ളിയത്ത് ഗ്രൂപ്പ്, സ്റ്റീല്‍ വിപണന മേഖലയില്‍ ഗുണമേന്മയിലും വിശ്വസ്ത സേവനം ഉറപ്പുനല്‍കുന്നതിലും പ്രസിദ്ധമാണ്. നൂതനമായ സ്റ്റീല്‍ ഉത്പന്നങ്ങളും, നവീന നിര്‍മാണ രീതികളും അവതരിപ്പിച്ചുകൊണ്ട് ഈ വ്യവസായ മേഖലയെ കൂടുതല്‍ ഉയരത്തിലെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ സൗത്ത് ഇന്ത്യയിലെ മുന്‍നിരക്കാരാണ് കള്ളിയത്ത് ഗ്രൂപ്പ്. കേരളത്തിലെ സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലയുടെ മുഖമുദ്ര രൂപപ്പെടുത്തുന്നതിനൊപ്പം സ്റ്റീല്‍ ഇന്‍ഡസ്ട്രിയില്‍ ചരിത്രപരമായ നേട്ടങ്ങളും കളളിയത്ത് കൈവരിച്ചു. ഗ്രീന്‍ പ്രൊ സെര്‍ട്ടിഫിക്കേഷന്‍, കയറ്റുമതി ഗുണമേന്മയ്ക്കുള്ള ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ എന്നിവയ്‌ക്കൊപ്പം കേരള സര്‍ക്കാറിന്റെ ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പിന്റെ മികച്ച ഫാക്ടറിക്കുള്ള 2023ലെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി അവാര്‍ഡും കള്ളിയത്തിന്റെ സ്വന്തമാണ്.

‘ഏഴാം തവണയും അസോസിയേറ്റ് സ്‌പോണ്‍സറെന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഫുട്‌ബോള്‍ കളിക്കുന്നതിലൂടെ ഓരോ വ്യക്തിയുടേയും ആന്തരിക ശക്തി പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നും, എല്ലാ ഫുട്‌ബോള്‍ കളിക്കാര്‍ക്കും അവരുടെ ശക്തിയും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഐഎസ്എല്‍ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഫുട്‌ബോളിന്റെ മാന്ത്രിക അനുഭവിച്ചറിയുന്നതിനായി ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്.’ – കള്ളിയത്ത് ടിഎംടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ മൊഹമ്മദ് പറഞ്ഞു.

‘നൂറ്റാണ്ടിനടുത്ത ബിസിനസ് പാരമ്പര്യവും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഏറ്റവും കൂടുതല്‍ കാലം പങ്കാളിത്തവുമുള്ള കള്ളിയത്ത് ടിഎംടിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വീണ്ടും സുസ്വാഗതം ചെയ്യുന്നു. സൗത്ത് ഇന്ത്യയിലെ ടിഎംടി സ്റ്റീല്‍ ബാര്‍ മേഖലയിലെ അതികായരായ കള്ളിയത്തുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലേക്ക് ക്ലബ് പ്രതീക്ഷിക്കുന്നു. – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു.