യൂറോപ്യൻ കപ്പ് ചാമ്പ്യൻസ് ലീഗ് ആയ ശേഷമുള്ള തങ്ങളുടെ 41 വർഷത്തെ തിരിച്ചു വരവ് വമ്പൻ ജയത്തോടെ ആഘോഷിച്ചു ആസ്റ്റൺ വില്ല. 1982 ലെ യൂറോപ്യൻ കപ്പ് ജേതാക്കൾ ആയ വില്ല ചാമ്പ്യൻസ് കളിക്കുന്ന 11 മത്തെ ക്ലബ് ആയും മാറി. സ്വിസ് ടീം ആയ യങ് ബോയ്സിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 3 ഗോളിന് ആണ് ഉനയ് എമറെയുടെ ടീം തോൽപ്പിച്ചത്. വില്ല ആധിപത്യം കണ്ട മത്സരത്തിൽ കോർണറിൽ നിന്നു ജോൺ മക്വിനിന്റെ പാസിൽ നിന്നു 27 മത്തെ മിനിറ്റിൽ യൂറി ടിലമെൻസ് ആണ് വില്ലക്ക് ആയി ആദ്യ ഗോൾ നേടിയത്. തുടർന്ന് യങ് ബോയ്സ് പ്രതിരോധതാരത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്ത് വാറ്റ്ക്ൻസ് റാഞ്ചുകയും അതിൽ നിന്നു ജേക്കബ് റംസി വിലയുടെ രണ്ടാം ഗോൾ 38 മത്തെ മിനിറ്റിൽ നേടുകയും ചെയ്തു.
രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ച ഒലി വാറ്റ്ക്ൻസ് വില്ലയുടെ മൂന്നാം ഗോൾ നേടിയെങ്കിലും താരത്തിന്റെ ഹാന്റ് ബോൾ കാരണം ഗോൾ വാർ അനുവദിച്ചില്ല. തുടർന്ന് പരിക്ക് കാരണം വാറ്റ്ക്ൻസ് പുറത്ത് പോയതോടെ വന്ന ജോൺ ഡുറാനും വില്ലക്ക് ആയി വല കുലുക്കി. എന്നാൽ ഇതിന് മുമ്പ് ഒനാന ഹാന്റ് ബോൾ ആയതിനാൽ ഗോൾ വാർ വീണ്ടും അനുവദിച്ചില്ല. എന്നാൽ 86 മത്തെ മിനിറ്റിൽ ടിലമെൻസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്നുള്ള ഒരു അതുഗ്രൻ അടിയിലൂടെ വല കുലുക്കിയ ഒനാന ആസ്റ്റൺ വില്ലയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. മത്സരത്തിൽ യങ് ബോയ്സിന് അധികം ഒന്നും എമി മാർട്ടിനസിനെ പരീക്ഷിക്കാനും ആയില്ല. ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിലെ വമ്പൻ ജയം വില്ലക്ക് നല്ല ആത്മവിശ്വാസം തന്നെയാണ് നൽകുക.