ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് ആയി മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ആയ ഡേവിഡ് ഓർസ്റ്റെയിൻ ആണ് വോൾവ്സ് താരത്തിന് ആയി രംഗത്ത് എത്തിയ കാര്യം റിപ്പോർട്ട് ചെയ്തത്. ഡേവിഡ് റയ ടീമിൽ എത്തിയ ശേഷം ആദ്യ ടീമിലെ സ്ഥാനം നഷ്ടമായ ഇംഗ്ലീഷ് ഗോൾ കീപ്പർ ആഴ്‌സണൽ വിടാൻ താൽപ്പര്യവും കാണിക്കുന്നുണ്ട്. താരത്തിന്റെ മുൻ ക്ലബ് ആയ ബോർൺമൗത്തിനു ഒപ്പം സൗതാപ്റ്റണും ഇതിനു പുറമെ താരത്തിനു ആയി താൽപ്പര്യം കാണിക്കുന്നുണ്ട്.
നിലവിൽ 26 കാരനായ താരത്തെ ആദ്യം ഈ സീസണിൽ ലോണിലും തുടർന്ന് സ്ഥിരമായും സ്വന്തമാക്കാൻ ആണ് വോൾവ്സ് ശ്രമം. റാംസ്ഡേലിന്റെ ശമ്പളവും വോൾവ്സ് വഹിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടക്കാനുള്ള സാധ്യത കുറവാണെങ്കിലും ക്ലബുകൾ തമ്മിൽ ചർച്ച നടക്കുകയാണ്. റാംസ്ഡേൽ ക്ലബ് വിടുക ആണെങ്കിൽ ഇതിനകം തന്നെ വ്യക്തിഗത ധാരണയിൽ എത്തിയ എസ്പന്യോളിന്റെ സ്പാനിഷ് ഗോൾ കീപ്പർ യൊഹാൻ ഗാർസിയെ ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമിക്കുക.