പാരീസ് ഒളിമ്പിക്സിൽ ഓവറോൾ ജേതാക്കൾ ആയി അമേരിക്ക. ടോക്കിയോയിൽ ചൈനയെക്കാൾ ഒരു സ്വർണം കൂടുതൽ നേടിയ അമേരിക്കക്ക് പക്ഷെ ഇത്തവണ ചൈനയും ആയി സ്വർണ കണക്കിൽ തുല്യത പാലിക്കേണ്ടി വന്നു. 40 വീതം സ്വർണം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു എങ്കിലും വെള്ളി, വെങ്കല കണക്കിൽ ബഹുദൂരം മുന്നിൽ ആയത് ആണ് അമേരിക്കക്ക് തുണയായത്. ഇന്ന് ചൈന രണ്ടു സ്വർണം നേടി സ്വർണ നേട്ടം 40 തിൽ എത്തിച്ചപ്പോൾ വനിത വോളിബോളിൽ തോറ്റതോടെ അമേരിക്കൻ പ്രതീക്ഷ മങ്ങി.
എന്നാൽ ട്രാക്ക് സൈക്കിളിങിൽ ടോക്കിയോയിൽ സ്വർണം നേടിയ ജെന്നിഫർ വെലാന്റെ ഇത്തവണ അപ്രതീക്ഷിതമായി സ്വർണം നിലനിർത്തിയതോടെ അമേരിക്കൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. തുടർന്ന് നടന്ന വനിത ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്ക ഒളിമ്പിക് ജേതാക്കൾ ആവുക ആയിരുന്നു. അവിശ്വസനീയം ആയ മത്സരം ആണ് അമേരിക്കയും ഫ്രാൻസും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഫ്രാൻസ് 11 പോയിന്റ് മുന്നിൽ ആയപ്പോൾ അമേരിക്കൻ വനിതകൾ തിരിച്ചു വന്നു.
തുടർന്ന് അവസാന സെക്കന്റിൽ സ്‌കോർ 67-64 നിൽക്കുമ്പോൾ 3 പോയിന്റ് നേടാനുള്ള ഫ്രാൻസ് ജയം ജയിച്ചതോടെ അമേരിക്ക ഞെട്ടി. എന്നാൽ ഈ ശ്രമം ബോക്സിനു ലേശം സെന്റീമീറ്റർ ഉള്ളിൽ ആയതിനാൽ മാത്രം 2 പോയിന്റ് ഫ്രാൻസിന് ലഭിച്ചതോടെ 67-66 എന്ന സ്കോറിന് അമേരിക്ക സ്വർണം ഉറപ്പിച്ചു. മൊത്തം മെഡൽ പട്ടികയിൽ അമേരിക്കക്ക് 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകൾ ആണ് ഉള്ളത്. ചൈനക്ക് ആവട്ടെ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും അടക്കം 91 മെഡലുകൾ ഉണ്ട്. മൂന്നാമത് 20 സ്വർണവും ആയി ജപ്പാനും നാലാമത് 18 സ്വർണവും ആയി ഓസ്‌ട്രേലിയയും ആണ് ഉള്ളത്. നിലവിൽ 1 വെള്ളിയും 5 വെങ്കലവും അടക്കം 6 മെഡലുകളും ആയി 71 സ്ഥാനത്ത് ആണ് ഇന്ത്യ.