വനിത ഫുട്‌ബോളിൽ ബ്രസീൽ സ്വപ്നങ്ങൾ തകർത്തു സ്വർണം നേടി അമേരിക്കൻ വനിതകൾ. ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ടീം വനിത ഫുട്‌ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അമേരിക്ക ടൂർണമെന്റിൽ ഏറ്റവും അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ ബ്രസീലിനെ തോൽപ്പിച്ചത്. 2012 നു ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒളിമ്പിക് സ്വർണം നേടുന്നത്. തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ പ്രധാന നേട്ടം അമേരിക്കക്ക് എത്തിക്കാൻ പരിശീലക എമ്മ ഹെയ്സിന് ആയി.
മത്സരത്തിൽ ഇരു ടീമുകളും അതുഗ്രൻ ഫുട്‌ബോൾ ആണ് തുടക്കം മുതൽ കാഴ്ച വെച്ചത്. ഇടക്ക് പരിക്ക് ബ്രസീലിനു വില്ലൻ ആവുന്ന കാഴ്ചയും കാണാൻ ആയി. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ കോർബിൻ ആൽബർട്ടിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ നേടിയ മല്ലൊറി സ്വാൻസൻ ആണ് അമേരിക്കക്ക് വിജയം സമ്മാനിച്ചത്. ബ്രസീലിനു ആയി അവസാന മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം മാർത്ത ഇറങ്ങിയ ശേഷം ബ്രസീൽ സമനിലക്ക് ആയി പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കൻ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് മുന്നിൽ വില്ലനായി.