പാരീസ് ഒളിമ്പിക്സിൽ തന്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി ക്യൂബൻ ഗുസ്തി താരം മിഹയിൻ ലോപ്പസ് നൂനസ്. 5 ഒളിമ്പിക്സുകളിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ 41 കാരനായ ക്യൂബൻ താരം മാറി. ഗ്രെകോ-റോമൻ ഗുസ്തിയിൽ 2008 ബെയ്ജിങ്ങ് ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ നൂനസ്, തുടർന്നുള്ള വർഷങ്ങളിൽ 130 കിലോഗ്രാം വിഭാഗത്തിൽ ആണ് മത്സരിച്ചത്.
2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും 130 കിലോഗ്രാം വിഭാഗത്തിൽ ഗ്രെകോ-റോമൻ ഗുസ്തിയിൽ സ്വർണം നേടിയ താരം പാരീസിൽ ഹാട്രിക്കും അഞ്ചാം സ്വർണവും പൂർത്തിയാക്കി. പാരീസ് ഒളിമ്പിക്സിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെയാണ് നൂനസ് സ്വർണം നേടിയത്. 6-0 നു ഫൈനലിൽ ജയിച്ച താരം തന്റെ ഷൂസ് അഴിച്ചു ഗുസ്തിക്കളത്തിൽ വെച്ച് തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു.