പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന നിമിഷങ്ങളിലെ അവിസ്മരണീയ കുതിപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത അമേരിക്കൻ താരം കോൾ ഹോക്കർ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. 3 മിനിറ്റ് 27.65 സെക്കന്റ് ആണ് താരം കുറിച്ച സമയം. ബ്രിട്ടന്റെ ജോഷ് കെർ വെള്ളിയും, അമേരിക്കയുടെ തന്നെ യാറദ് നുഗുസെ വെങ്കലവും നേടി.
അതേസമയം വനിതകളുടെ ഹാമർ ത്രോയിൽ 76.97 മീറ്റർ എറിഞ്ഞ കാനഡയുടെ കാമറിൻ റോജേഴ്സ് സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അനറ്റ വെള്ളിയും, ചൈനയുടെ ഷാ ഷി വെങ്കലവും നേടി.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന 15 മീറ്ററിലെ കുതിപ്പിൽ മുൻ ഒളിമ്പിക് ജേതാവ് ഉഗാണ്ടയുടെ പെരുത് ചെമുട്ടയിൽ നിന്നു സ്വർണം നേടിയ ബഹ്റൈൻ താരവും ലോക ചാമ്പ്യനും ആയ വിൻഫ്രഡ് യാവിയാണ് പുതിയ റെക്കോർഡ് കുറിച്ചത്. കെനിയൻ വംശജയായ യാവി 8 മിനിറ്റ് 52.76 സെക്കന്റ് എന്ന സമയം കുറിച്ചാണ് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്. കെനിയയുടെ 20 കാരിയായ ഫെയ്ത്ത് ചെരോടിച് ആണ് ഇതിൽ വെങ്കലം നേടിയത്.
പുരുഷന്മാരുടെ ലോങ് ജംപിൽ 8.48 മീറ്റർ ചാടിയ ഗ്രീക്ക് താരം മിൽറ്റിയാദിസ് ടെന്റോഗ്ലൗ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലും സ്വർണം നേടിയ ഗ്രീക്ക് താരം കാൾ ലൂയിസിനു ശേഷം തുടർച്ചയായി ലോങ് ജംപിൽ രണ്ടു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമാണ്. ജമൈക്കയുടെ വെയിൻ പിനോക് ലോങ് ജംപിൽ വെള്ളി മെഡൽ നേടിയപ്പോൾ ഇറ്റലിയയുടെ മറ്റിയ ഫുർലാനിയാണ് വെങ്കലം നേടിയത്.