പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് ഇന്ത്യ തോറ്റു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ഇനി ഇന്ത്യ വെങ്കല മെഡലിനായി പോരാടും.
ഇന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അവർ ആദ്യ ക്വാർട്ടറിൽ പെനാൾട്ടി കോർണറിലൂടെ മുന്നിൽ എത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ആയിരുന്നു ഇന്ത്യക്ക് ആയി ഗോൾ അടിച്ചത്. ഹർമൻപ്രീതിന്റെ ഈ ഒളിമ്പിക്സിലെ എട്ടാം ഗോളിയിരുന്നു ഇത്.
രണ്ടാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമ്മനി തിരിച്ചടിച്ചു. ഒരു പെനാൾട്ടി കോർണറിലൂടെ ഗോൺസാലോ പെലറ്റ് അവർക്ക് സമനില നൽകി. സ്കോർ 1-1. രണ്ടാം ക്വാർട്ടറിൽ 3 മിനുട്ട് ശേഷിക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ജർമ്മനി ലീഡ് എടുത്തു. 2-1.
മൂന്നാം ക്വാർട്ടറിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൾട്ടി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ആണ് ഇന്ത്യക്ക് ആയി രണ്ടാം ഗോൾ അടിച്ചത്. സ്കോർ 2-2.
മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൽ സ്കോർ 2-2 എന്ന് തുടർന്നു. അവസാന ക്വാർട്ടറിൽ ജർമ്മനി അവരുടെ മൂന്നാം പെനാൾട്ടി കോർണറിലൂടെ മൂന്നാം ഗോളിന് അടുത്തെത്തി. സഞ്ജയുടെ മികച്ച ബ്ലോക്കാണ് ഇന്ത്യയെ രക്ഷിച്ചത്.
ഇതിന് ശേഷം ശ്രീജേഷിന്റെ രണ്ട് മികച്ച സേവുകൾ കളി 2-2 എന്ന് നിർത്തി. മത്സരം അവസാനിക്കാൻ ആറ് മിനുട്ട് മാത്രം ശേഷിക്കെ ജർമ്മനി മൂന്നാം ഗോൾ കണ്ടെത്തി. ഇന്ത്യ അവസാന രണ്ട് മിനുട്ടുകൾ ഗോൾ കീപ്പർ ഇല്ലാതെ കളിച്ചു എങ്കിലും ഇന്ത്യക്ക് ഗോൾ കണ്ടെത്താൻ ആയില്ല.
ഇനി ഫൈനലിൽ നെതർലന്റ്സിനെ ആകും ജർമ്മനി നേരിടുക. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇന്ത്യ സ്പെയിനെയും നേരിടും.