ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.
രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.