പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ഹൈജംപ് സ്വർണം സ്വന്തമാക്കി ലോക ചാമ്പ്യൻ കൂടിയായ ഉക്രൈൻ താരം യരോസ്ലാവ മഹുചിക്. കഴിഞ്ഞ മാസം 2.10 മീറ്റർ ചാടി ഹൈജംപ് ലോക റെക്കോർഡ് ഇട്ട ഉക്രൈൻ താരം ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലം ഇത്തവണ സ്വർണം ആക്കി മാറ്റി. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 2.00 മീറ്റർ ചാടിയാണ് ഉക്രൈൻ താരം സ്വർണം ഉറപ്പിച്ചത്. പിന്നീട് 2.02 മീറ്റർ ചാടാൻ രണ്ടു തവണയും 2.04 മീറ്റർ ചാടാൻ യരോസ്ലാവ ശ്രമിച്ചു. വെള്ളി മെഡൽ നേടിയ ഓസ്‌ട്രേലിയൻ താരം നിക്കോള മൂന്നാം ശ്രമത്തിൽ 2.00 മീറ്റർ ചാടിയെങ്കിലും തുടർന്ന് 2.02 മീറ്റർ രണ്ടു പേർക്കും മറികടക്കാൻ ആവാതെ വന്നതോടെ ഉക്രൈൻ താരം സ്വർണം ഉറപ്പിക്കുക ആയിരുന്നു. 1.95 മീറ്റർ ചാടിയ ഉക്രൈന്റെ തന്നെ ഇര്യാന ഗരചെങ്കോയാണ് വെങ്കലം നേടിയത്.
പുരുഷന്മാരുടെ ഹാമർ ത്രോയിൽ കാനഡയുടെ ഈഥൻ കാറ്റ്സ്ബർഗ് ആണ് സ്വർണം നേടിയത്. ലോക ചാമ്പ്യൻ കൂടിയായ 22 കാരനായ ഈഥൻ കാനഡക്ക് ആയി ഹാമർ ത്രോയിൽ സ്വർണം നേടുന്ന ആദ്യ താരമായി മാറി. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 84.12 മീറ്റർ എറിഞ്ഞ ഈഥൻ മൂന്നാം ശ്രമത്തിൽ 82.28 മീറ്ററും എറിഞ്ഞു. താരത്തിന്റെ ബാക്കിയുള്ള ശ്രമങ്ങൾ എല്ലാം ഫൗൾ ആയിരുന്നു. അതേസമയം ബാക്കിയുള്ള ആർക്കും 80 മീറ്റർ ദൂരം എറിയാൻ ആയില്ല. തന്റെ മൂന്നാം ശ്രമത്തിൽ 79.97 മീറ്റർ എറിഞ്ഞ ഹംഗേറിയൻ താരം ബെൻസ് ഹലാഷ് ആണ് ഹാമർ ത്രോയിൽ വെള്ളി മെഡൽ നേടിയത്. തന്റെ രണ്ടാം ശ്രമത്തിൽ 79.39 മീറ്റർ എറിഞ്ഞ ഉക്രൈൻ താരം മിഖാലോ കോഖൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.