അവിശ്വസനീയ ജയവും ആയി പാരീസ് ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. ഇതിഹാസ താരങ്ങൾ അടങ്ങിയ ബെൽജിയത്തെ നാടകീയവും വാശിയേറിയതും ആയ മത്സരത്തിൽ 3-2 എന്ന സ്കോറിന് ആണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഇത് 16 വർഷങ്ങൾക്ക് ശേഷമാണ് സ്‌പെയിൻ ഒളിമ്പിക് സെമിയിൽ എത്തുന്നത്. ഗോൾ രഹിതമായ ആദ്യ 2 ക്വാർട്ടറുകൾക്കും ശേഷം മൂന്നും നാലും ക്വാർട്ടറുകളിൽ 5 ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്.
ജോസെ ബസ്റ്റരയിലൂടെ മൂന്നാം ക്വാർട്ടറിൽ സ്‌പെയിൻ ആദ്യ ഗോൾ നേടിയപ്പോൾ ആർതർ ഡി സ്ലൂവറിലൂടെ 37 സെക്കന്റിനുള്ളിൽ ബെൽജിയം ഗോൾ മടക്കി. നാലാം ക്വാർട്ടറിൽ മത്സരം തീരാൻ 6 മിനിറ്റുള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു മാർക് റെയ്നെ സ്പെയിനിന് രണ്ടാം ഗോൾ നേടി നൽകി. തുടർന്ന് 2 മിനിറ്റിനുള്ളിൽ മാർക് മിറാലസ് കൂടി ഗോൾ നേടിയതോടെ സ്‌പെയിൻ ജയം ഉറപ്പിച്ചത് ആയി കരുതി. എന്നാൽ മത്സരം തീരാൻ 2 മിനിറ്റ് ഉള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു ഗോൾ നേടി മത്സരം 3-2 ആക്കിയ ഹെൻഡ്രിക്‌സ് അലക്സാണ്ടർ ബെൽജിയത്തിനു പ്രതീക്ഷ നൽകി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായുള്ള ബെൽജിയം മുന്നേറ്റങ്ങൾ സർവ്വവും ഉപയോഗിച്ച് തടഞ്ഞ സ്‌പെയിൻ അവിസ്മരണീയ ജയം നേടുക ആയിരുന്നു. സെമിയിൽ ഹോളണ്ട്, ഓസ്‌ട്രേലിയ മത്സര വിജയിയെ ആണ് സ്‌പെയിൻ നേരിടുക.