പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ സെമിഫൈനലിലേക്ക് മുന്നേറി ബ്രസീൽ വനിതകൾ. സ്വന്തം നാട്ടിൽ സ്വർണം നേടാൻ ഇറങ്ങിയ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് ബ്രസീൽ അവസാന നാലിൽ സ്ഥാനം പിടിച്ചത്. ഫ്രഞ്ച് ആധിപത്യം കണ്ട മത്സരത്തിൽ 18 മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച പെനാൽട്ടി രക്ഷിച്ച ലോറനെയാണ് ബ്രസീലിന്റെ രക്ഷക ആയത്. മത്സരത്തിൽ മികച്ച സേവുകൾ നടത്തിയ ലോറനെ സകീനയുടെ പെനാൽട്ടിയും രക്ഷിക്കുക ആയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 82 മിനിറ്റിൽ അഡ്രിയാനയുടെ പാസിൽ നിന്നു ഗാബി പോർട്ടിൽഹോ നേടിയ ഗോൾ ആണ് ബ്രസീലിനു ജയം സമ്മാനിച്ചത്. സെമിയിൽ ലോക ജേതാക്കൾ ആയ സ്‌പെയിൻ ആണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയയോട് 2-2 നു സമനില വഴങ്ങിയ സ്‌പെയിൻ പെനാൽട്ടി ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്കോറിന് ആണ് ജയിച്ചത്. മത്സരത്തിൽ 79 മിനിറ്റ് വരെ മായ്ര റാമിറസിന്റെയും ലെയ്സി സാന്റോസിന്റെയും ഗോളിൽ പിന്നിട്ടു നിന്ന സ്‌പെയിൻ ജെന്നി ഹെർമോസയുടെയും 97 മിനിറ്റിൽ ഇരിനെ പരഡസിന്റെയും ഗോളിൽ ആണ് മത്സരത്തിൽ സമനില പിടിച്ചത്.
മുൻ ലോക ചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിൽ അമേരിക്കൻ വനിതകൾ ജപ്പാൻ വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു സെമിഫൈനലിൽ പ്രവേശിച്ചു. പന്ത് കൈവശം വെക്കുന്നതിൽ വലിയ ആധിപത്യം അമേരിക്ക കാണിച്ചു എങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം എക്സ്ട്രാ സമയത്ത് ആണ് അമേരിക്ക മത്സരത്തിലെ വിജയ ഗോൾ നേടിയത്. എക്സ്ട്രാ സമയത്തെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ക്രിസ്റ്റൽ ഡനിന്റെ പാസിൽ നിന്നു ട്രിനിറ്റി റോഡ്മാൻ ആണ് അമേരിക്കൻ വിജയഗോൾ നേടിയത്. സെമിഫൈനലിൽ ജർമ്മൻ വനിതകൾ ആണ് അമേരിക്കയുടെ എതിരാളികൾ. ചാരപ്രവർത്തന വിവാദത്തിൽ പെട്ട നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾ ആയ കനേഡിയൻ വനിതകളെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ജർമ്മനി തോൽപ്പിച്ചത്. ഗോൾ രഹിതമായ 120 മിനിറ്റുകൾക്ക് ശേഷം 4-2 എന്ന സ്കോറിന് ആയിരുന്നു ജർമ്മൻ ടീമിന്റെ ജയം.