ഇത്രക്ക് വെറുപ്പ് നേടാൻ ഇമാനെ ഖലീഫ് ചെയ്ത തെറ്റ് എന്താണ്?വ്യാജവാർത്തയുടെ വാസ്തവം എന്ത്?

Wasim Akram

ഇമാനെ
Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിൽ കായിക ലോകവും ആഗോള തലത്തിൽ രാഷ്ട്രീയപരമായും വലിയ ചൂട് പിടിച്ച ചർച്ചയായ വിഷയമാണ് ഇന്നലെ പാരീസ് ഒളിമ്പിക്സിൽ അൾജീരിയയുടെ ഇമാനെ ഖലീഫ്, ഇറ്റലിയുടെ ആഞ്ചല കരീനി എന്നിവർ തമ്മിലുള്ള 66 കിലോഗ്രാം വെൽട്ടർവെയിറ്റ് ബോക്സിങ് മത്സരം. മത്സരത്തിൽ 46 സെക്കന്റുകൾക്ക് ഉള്ളിൽ ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. അതിനു ശേഷം ഇമാനെക്ക് കൈ കൊടുക്കാൻ പോലും തയ്യാറാവാത്ത ആഞ്ചല റഫറിയോട് കയർക്കുന്നതും അതി വൈകാരികമായി കരഞ്ഞു കൊണ്ട് പോവുന്നതും കണ്ടു. തുടർന്ന് മത്സര ശേഷം താൻ മത്സരിച്ചത് ഒരു പുരുഷന് എതിരെ ആണെന്ന തരത്തിൽ പ്രതികരണം നടത്തിയ ആഞ്ചല തനിക്ക് എതിരെ ഒളിമ്പിക് കമ്മിറ്റി അനീതിയാണ് എന്നും പറഞ്ഞു. ഇതിനു ശേഷം വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചൂട് പിടിച്ച ചർച്ചക്ക് ആണ് വഴി വെച്ചത്. ഇമാനെക്ക് എതിരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് എതിരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ ഇറ്റാലിയൻ താരത്തെ പിന്തുണച്ചു സാക്ഷാൽ ഇറ്റാലിയൻ പ്രധാനമന്ത്രിയും, ട്വിറ്റർ ഉടമ എലോൺ മസ്ക്, ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റോളിംഗ് തുടങ്ങിയവരും എത്തി.

ഇമാനെ ഖലീഫ്

ഒരു പുരുഷന് എതിരെ സ്ത്രീയെ മത്സരിക്കാൻ ഇറക്കിയ ഒളിമ്പിക് കമ്മിറ്റിയുടെ വോക്ക് രാഷ്ട്രീയത്തിനു വിമർശനം എന്ന പേരിൽ ഒരുപാട് പേർ ട്രാൻസ് വിഭാഗത്തിന് എതിരെ അടക്കം കടുത്ത വെറുപ്പ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ചൊറിഞ്ഞത്. എന്നാൽ എന്താണ് വാസ്തവം എന്നു തിരക്കാൻ ഈ കയറു പൊട്ടിച്ച ആളുകൾ ഒന്നും തയ്യാറായില്ല എന്നത് ആയിരുന്നു വാസ്തവം. അതിനാൽ തന്നെ ഇതിന്റെ വാസ്തവം നമുക്ക് ഇവിടെ പരിശോധിക്കാം. ഇമാനെ ഖലീഫ് ഒരു പുരുഷൻ ആണ് അല്ല ട്രാൻസ് സ്ത്രീ ആണ് എന്ന വിമർശനം ആണ് ചിലർ ഉയർത്തിയത്. എന്നാൽ 1999 ൽ ഒരു സ്ത്രീയായി ജനിച്ച ഇമാനെ എങ്ങനെയാണ് പുരുഷൻ ആയത് എന്നു ഇവർ ആരും ഉത്തരം പറഞ്ഞില്ല. ലിംഗ മാറ്റം നിരോധിച്ച, ട്രാൻസ് ജനങ്ങൾക്ക് എതിരെ വരെ ക്രൂരമായ മത നിയമങ്ങൾ ഉള്ള ഒരു ഇസ്‌ലാമിക രാജ്യമായ അൾജീരിയയിൽ എങ്ങനെയാണ് ഇമാനെ പുരുഷൻ ആവുക എന്ന ചോദ്യത്തിന് ആണെങ്കിൽ ഇവർക്ക് ഉത്തരവും ഇല്ല. അതിനാൽ തന്നെ എന്താണ് ഇവിടെ വിഷയം എന്നു നോക്കാം.

2018 ൽ കരിയർ ആരംഭിച്ച ഇമാനെ ലോക ചാമ്പ്യൻഷിപ്പിൽ പരാജയത്തോടെയാണ് തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. തുടർന്ന് 2020 ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ പുറത്തായി കൊണ്ടാണ് താരം തന്റെ ഒളിമ്പിക് അരങ്ങേറ്റം നടത്തുന്നത് പോലും. 2022 പക്ഷെ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ഇമാനെ ആദ്യമായി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന അൾജീരിയൻ വനിത താരമായി. എന്നാൽ ഫൈനലിൽ ഐറിഷ് ബോക്‌സർ ഏമി ബ്രോഡ്ഹസ്റ്റിനോട് ഇമാനെ ഫൈനലിൽ പരാജയപ്പെട്ടു. എന്നാൽ 2023 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇമാനെയെ ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് അയോഗ്യ ആക്കുന്നതോടെയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇമാനെയെയും തായ്‌വാൻ താരം ലിൻ യു ടിങിനെയും അന്ന് ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ(IBA) വിലക്കുക ആയിരുന്നു.

ഇമാനെ ഖലീഫ്

ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ കണ്ടെത്തിയത് ആണ് വിലക്കിനു കാരണം എന്നായിരുന്നു IBA പ്രസിഡന്റ് ഉമർ ക്രമ്ലേവ് പറഞ്ഞത്. എന്നാൽ ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ ഉള്ളതിനോ, പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന testosterone ന്റെ അളവ് കൂടുതൽ ആണ് എന്നതിനോ ഉള്ള തെളിവുകൾ IBA പുറത്ത് വിട്ടില്ല എന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു. അതേസമയം എത്ര ചോദിച്ചിട്ടും ഇവരിൽ എന്ത് പരിശോധന ആണ് നടത്തിയത് എന്ന കാര്യം പുറത്തു വിടാൻ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ തയ്യാറായില്ല. ഇത് രഹസ്യമായ പരിശോധനയാണ് എന്ന നിലപാട് ആയിരുന്നു IBA ക്ക് ഉണ്ടായിരുന്നത്. എന്നാൽ ചില സ്ത്രീകളിൽ XY ക്രോമസോമുകൾ ഉള്ളത് കൊണ്ട് അവർ സ്ത്രീ അല്ലാതെയാവുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനോ അവർക്ക് മറ്റ് താരങ്ങൾക്ക് മേൽ കൂടുതൽ ആനുകൂല്യം ലഭിക്കും എന്ന വാദത്തിനു വലിയ തെളിവ് നിരത്താനോ തയ്യാറാവാത്ത IBA എന്ത് പരിശോധന ആണ് ഇവർക്ക് മേൽ നടത്തിയത് എന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ(IOC) ചോദ്യത്തിനോ ഉത്തരം നൽകിയില്ല.

നേരത്തെ തന്നെ കടുത്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട IBA യെ കഴിഞ്ഞ 2 ഒളിമ്പിക്സുകളിൽ വിലക്കിയ IOC 2023 ൽ അവരുടെ വിലക്ക് പിൻവലിച്ചെങ്കിലും ഈ ഒളിമ്പിക്സിൽ ഒളിമ്പിക് കമ്മിറ്റിയുടെ പാരീസ് ബോക്സിങ് യൂണിറ്റ് ആണ് ഇത്തവണയും ബോക്സിങ് നടത്തിയത്. അതിനാൽ തന്നെ IBA നിയമം പാലിക്കാത്ത IOC ഈ താരങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകുക ആയിരുന്നു. തുടർന്ന് ആദ്യ റൗണ്ടിൽ 66 കിലോഗ്രാം വെൽട്ടർവെയിറ്റ് വിഭാഗത്തിൽ രണ്ടാം റൗണ്ട് മത്സരത്തിലെ ഇറ്റാലിയൻ താരത്തിന്റെ പിന്മാറ്റത്തിലൂടെയാണ് ഇത്തരത്തിൽ വലിയ വിവാദം നേരിടുന്നത്. സാധാരണ ലൈറ്റ് വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കുന്ന ആഞ്ചല കരീനി വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കേണ്ടി വന്ന നിരാശയും പരാജയം സമ്മതിച്ചു വിവാദം ഉണ്ടാക്കാൻ ആയി വന്ന കായിക താരത്തിന് ചേരാത്ത മനോഭാവവും ഈ വിവാദം വലുതാവാൻ കാരണമായി എന്നത് ആണ് വാസ്തവം. അതിനു പുറമെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് എതിരെ വെറുപ്പ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്ന വലിയ വിഭാഗം ആളുകളും ഈ വിവാദം കത്തിക്കാൻ കാരണമായി.

ഇമാനെ ഖലീഫ്

എന്ത് പരിശോധന ആണ് ഇമാനെയിൽ നടത്തിയത് എന്നു പറയാത്ത IBA ആവട്ടെ വിഷയത്തിൽ താരത്തെ ചെന്നായ കൂട്ടത്തിനു ഇട്ട് കൊടുത്ത പോലെയും പ്രവർത്തിച്ചു. തുടർന്ന് താരത്തിന് പിന്തുണയും ആയി എത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ പരിശോധനക്ക് വിധേയമായ മത്സരിക്കാൻ പൂർണ യോഗ്യതയുള്ള ആളാണ് ഇമാനെ എന്നും IBA യുടെ മനോഭാവം മോശമാണ് എന്നും വ്യക്തമാക്കി. നിലവിൽ ഇമാനെയെ പിന്തുണച്ചു നിരവധി താരങ്ങൾ ആണ് രംഗത്ത് വന്നത്. അതേസമയം ചിലർ വിമർശിച്ചും രംഗത്ത് എത്തി. ഇമാനെ ഇങ്ങനെയാണ് ജനിച്ചത് എന്നത് കൊണ്ട് തന്നെ താരം ചെയ്തത് തെറ്റ് അല്ല എന്നാണ് ഇമാനെയെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ച ഏമി ബ്രോഡ്ഹസ്റ്റ് അഭിപ്രായപ്പെട്ടത്. ഇമാനെക്ക് മറ്റുതാരങ്ങൾക്ക് മേൽ വലിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിൽ താരം എങ്ങനെയാണ് മുമ്പ് 9 സ്ത്രീ ബോക്‌സർമാരും ആയി പരാജയപ്പെട്ടത് എന്നും ഏമി ചോദിച്ചു. ചെറുപ്പത്തിൽ ഫുട്‌ബോൾ കളിച്ചു തുടങ്ങി പിന്നീട് ബോക്സിങ് റിംഗിലേക്ക് മാറിയ ഇമാനെ ചെറുപ്പത്തിൽ പെൺകുട്ടികൾ ബോക്സിങ് ചെയ്യരുത് എന്ന അച്ഛന്റെ വിലക്ക് അതിജീവിച്ചു ആണ് ഒരു ബോക്‌സർ ആയി വളർന്നു വന്നത്. പരിശീലനത്തിന് പോവാനുള്ള ബസ് കൂലിക്ക് ആയി ഇരുമ്പ് കഷ്ണങ്ങൾ വിറ്റു പണം ഉണ്ടാക്കിയ ചരിത്രവും താരത്തിന് ഉണ്ട്.

ഇമാനെ ഖലീഫ്

ജനിച്ചപ്പോൾ ഉണ്ടായ ജനിതകമായ പ്രത്യേകതകൾ അത് എല്ലാവരെപ്പോലെയും അല്ല എന്നത് കൊണ്ട് ഒരാൾ ഒരു കായിക ഇനത്തിൽ നിന്നു മാറ്റി നിർത്തുന്നത് എങ്ങനെയാണ് എന്നത് ആണ് ഇവിടെ പ്രസക്തമാവുന്ന ചോദ്യം. അവർക്ക് മറ്റു സ്ത്രീകളെക്കാൾ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നത് പരിശോധനയിൽ കുറ്റമറ്റ രീതിയിൽ തെളിയിക്കാത്ത സമയത്ത് പിന്നെ അവരെ കളിപ്പിക്കാതെ മാറ്റി നിർത്തുന്നതും അവരെ ഇങ്ങനെ അക്രമിക്കുന്നതും ആണ് ഏറ്റവും വലിയ ക്രൂരത. അതിനാൽ തന്നെ നിങ്ങൾ വ്യക്തമായി അവർക്ക് ശാരീരികമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നു തെളിയിക്കുന്നത് വരെ ജനിതകമായി ജനിച്ച അന്ന് മുതൽ സ്ത്രീയായ, സ്ത്രീ ആയി ജീവിക്കുന്ന ഏതൊരാൾക്കും സ്ത്രീകളുടെ കായിക ഇനത്തിൽ പങ്കെടുക്കാൻ വ്യക്തമായ സ്വാതന്ത്ര്യം ഉണ്ട് അത് അൾജീരിയയുടെ ഇമാനെ ഖലീഫിന് ആവട്ടെ ഇന്ത്യയുടെ പി.ടി ഉഷ ആവട്ടെ, ദ്യുതി ചന്ദ് ആവട്ടെ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമെന്യ ആവട്ടെ അമേരിക്കയുടെ സെറീന വില്യംസ് ആവട്ടെ. നിലവിൽ ഹംഗറിയുടെ ലുക ഹമോറിയെ ഓഗസ്റ്റ് 3 നു ക്വാർട്ടർ ഫൈനലിൽ നേരിടാൻ ഒരുങ്ങുന്ന ഇമാനെക്ക് തനിക്ക് നേരെ വരുന്ന ഈ ഭീകര സോഷ്യൽ മീഡിയ ആക്രമണം അതിജീവിക്കാൻ ആവുമോ എന്നു കണ്ടു തന്നെ അറിയാം.

പിൻകുറിപ്പ് : പാരീസ് ഒളിമ്പിക്സിൽ ലോകം മൊത്തം ഇമാനെ ഖലീഫ് ചർച്ച ആവുമ്പോൾ തന്നെയാണ് 12 വയസ്സുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഡച്ച് ബീച്ച് വോളിബോൾ താരം സ്റ്റീവൻ വാൻ ഡെ വെൽഡെ അത്രവലിയ വലിയ ശിക്ഷയോ വിമർശനമോ വെറുപ്പോ പോലും ലഭിക്കാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് എന്നത് ആണ് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.