ഡ്യൂറണ്ട് കപ്പിൽ ഇന്ന് മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വമ്പൻ വിജയം. മറുപടിയില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഹാട്രിക്കുമായി പെപ്രയും നോഹയും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഹീറോസ് ആയി. പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ കീഴിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്. മുംബൈ സിറ്റിയുടെ റിസേർവ്സ് ടീമാണ് ഡ്യൂറണ്ട് കപ്പിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്.
ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. മുംബൈ സിറ്റിക്കെതിരെ സമ്പൂർണ ആധിപത്യമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പുലർത്തിയത്. തുടക്കം മുതൽ ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്സ് 32ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ് ആയ നോഹ സദോയി ആണ് ബ്ലാസ്റ്റേഴ്സിന് ആയി ലക്ഷ്യം കണ്ടത്.
വലത് വിങ്ങിൽ നിന്ന് ഐവബാം നൽകിയ ക്രോസിൽ നിന്ന് ഒരു മനോഹരമായ വോളിയിലൂടെ ആയിരുന്നു നോഹയുടെ ഫിനിഷ്. ഇതിനുശേഷവും കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താൻ അവസരം കിട്ടി. ഏതാനും മിനിറ്റുകൾക്ക് തന്നെ നോഹയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി. നാൽപ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാമെ പെപ്രയിലൂടെ ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ പെപ്ര വീണ്ടും ഗോൾ നേടി സ്കോർ 3-0 ആയി. ലൂണയുടെ ഹെഡറിൽ നിന്ന് ഒരു റീബൗണ്ടിലൂടെ ആയിരുന്നു പെപ്രയുടെ രണ്ടാം ഗോൾ.
രണ്ടാം പകുതിയിലും ഈ പ്രകടനം ബ്ലാസ്റ്റേഴ്സ് തുടർന്നു. 50ആം മിനുട്ടിൽ നോഹ ഒരു ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി. ഐമൻ നൽകിയ ക്രോസിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. 53ആം മിനുട്ടിൽ പെപ്ര ഹാട്രിക്ക് കൂടെ നേടിയതോടെ ബ്ലാസ്റ്റേഴ്സ് 5-0ന് മുന്നിൽ എത്തി. 76ആം മിനുട്ടി നോഹയും ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് പൂർത്തിയാക്കി.
അവസാനം ഇഷാൻ പണ്ടിത വന്ന് രണ്ട് ഗോൾ കൂടെ അടിച്ചതോടെ സ്കോർ 8-0 ആയി. ഡ്യൂറണ്ട് കപ്പിലെ തന്നെ ഏറ്റവും വലിയ മാർജിൻ.
ഇനി ഗ്രൂപ്പിൽ സി ഐ എസ് എഫും പഞ്ചാബ് എഫ് സിയുമാണ് ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ആയുള്ളത്.