ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന ടി20 മത്സരം ടൈയിൽ അവസാനിച്ചു. 138 റൺസ് ചേസ് ചെയ്തിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തിൽ 110/1 എന്ന നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് മത്സരത്തിൽ പ്രതിരോധത്തിലാകുകയായിരുന്നു. അവസാന പന്തിൽ 3 റൺസ് വേണ്ടപ്പോള്‍ രണ്ട് റൺസ് നേടി മത്സരം ടൈയിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചു.
58 റൺസാണ് ശ്രീലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. രവി ബിഷ്ണോയി പതും നിസ്സങ്കയെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 26 റൺസായിരുന്നു നിസ്സങ്കയുടെ സംഭാവന. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസ് കുശൽ പെരേരയും കുശൽ മെന്‍ഡിസും നേടിയപ്പോള്‍ ശ്രീലങ്ക വിജയത്തിന് ഏറെ അരികിലെത്തി.
43 റൺസ് നേടിയ കുശൽ മെന്‍ഡിസിനെ പുറത്താക്കി രവി ബിഷ്ണോയി തന്നെയാണ് ഇന്ത്യയ്ക്ക് രണ്ടാം ബ്രേക്ക്ത്രൂവും നൽകിയത്. തൊട്ടടുത്ത ഓവറിൽ ശ്രീലങ്കയ്ക്ക് വനിന്‍ഡു ഹസരംഗയെ നഷ്ടമായി. വാഷിംഗ്ടൺ സുന്ദര്‍ ആണ് വിക്കറ്റ് നേടിയത്.
തൊട്ടടുത്ത പന്തിൽ ചരിത് അസലങ്കയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി വാഷിംഗ്ടൺ സുന്ദര്‍ ശ്രീലങ്കയുടെ നാലാം വിക്കറ്റ് നേടി. ഇതോടെ 18 പന്തിൽ 21 റൺസായി ശ്രീലങ്കയുടെ ലക്ഷ്യം മാറി. ഖലീൽ അഹമ്മദ് എറിഞ്ഞ 18ാം ഓവറിൽ 6 എക്സ്ട്രാസ് അടക്കം 12 റൺസ് വന്നപ്പോള്‍ ശ്രീലങ്കയ്ക്ക് ജയിക്കാനായി 9 റൺസായിരുന്നു രണ്ടോവറിൽ നേടേണ്ടിയിരുന്നത്.
46 റൺസ് നേടിയ കുശൽ പെരേരയെയും രമേശ് മെന്‍ഡിസിനെയും 19ാം ഓവറിൽ പന്തെറിയാനെത്തിയ റിങ്കു സിംഗ് പുറത്താക്കിയപ്പോള്‍ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് നഷ്ടമായി. അവസാന ഓവറിൽ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 6 റൺസ്.
കമിന്‍ഡു മെന്‍ഡിസിനെ പുറത്താക്കി തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റുമായി സൂര്യകുമാര്‍ അവസാന ഓവറിലെ രണ്ടാം പന്തിൽ ശ്രീലങ്കയ്ക്ക് ഏഴാം തിരിച്ചടി നൽകിയപ്പോള്‍ മഹീഷ തീക്ഷണയെ പുറത്താക്കി സൂര്യകുമാര്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. അരങ്ങേറ്റക്കാരന്‍ ചമിന്‍ഡു വിക്രമസിംഗേ അഞ്ചാം പന്തിൽ ഡബിള്‍ നേടിയപ്പോള്‍ അവസാന പന്തിലെ ലക്ഷ്യം മൂന്ന് റൺസായി മാറി.
അവസാന പന്തിൽ ഡബിള്‍ നേടി ചമിന്‍ഡു മത്സരം ടൈ ആക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി, വാഷിംഗ്ടൺ സുന്ദര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.